കേരളം

കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി പെന്‍ഷൻ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജൂണ്‍ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ നീട്ടി. കരാറിൽ തീരുമാനമാകാത്തതിനാൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് 24 വാർത്തയാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടിയുണ്ടായത്. 41000 പെൻഷൻകാരാണ് പെൻഷൻ കിട്ടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

 കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സര്‍ക്കാര്‍ പണം കൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശമുണ്ടെങ്കിലും ധനവകുപ്പ് ഇത് വരെയും തീരുമാനമെടുത്തിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനാണ് ആലോചന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിനും, അലവന്‍സിനുമായി 103 കോടി രൂപ സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

പത്ത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബഡ്ജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നല്‍കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്റെ നിലപാട്. പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പണം അനുവദിക്കണമെങ്കില്‍ ഡ്യൂട്ടി പരിഷ്‌കരണത്തിലും ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷന്റെ കാര്യത്തിലും തീരുമാനമെടുക്കണം. പക്ഷേ യൂണിയനുകള്‍ ഈ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുകയാണ്.
 ഇതോടെയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ സമവായ സാധ്യതയാണ് തേടുന്നത്. സര്‍ക്കാര്‍ പണം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ സാധ്യതയും പരിശോധിക്കുന്നുണ്ട്.

Leave A Comment