അത്തച്ചമയം ഇന്ന്, ആഘോഷപൊലിമയിൽ രാജനഗരി
കൊച്ചി: ഓണത്തിൻ്റെ വരവറിയിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയാഘോഷം പതിന്മടങ്ങ് പ്രൗഢിയോടെ ഇന്ന് അരങ്ങേറും.കൊവിഡില്‍ രണ്ടുവര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങളാണ് നഗരസഭ സജ്ജമാക്കിയിട്ടുള്ളത്.
അത്തം നഗറായ ഗവ.ബോയ്സ് ഹൈസ്കൂളില്‍ ഉയര്‍ത്താനുള്ള പതാക ഇന്നലെ വൈകിട്ട് നഗരസഭ അദ്ധ്യക്ഷ രമ സന്തോഷ് ഹില്‍പാലസില്‍ നിന്ന് രാജകുടുംബത്തിന്റെ പ്രതിനിധികളില്‍ നിന്ന് ഏറ്റുവാങ്ങിയതോടെചടങ്ങുകള്‍ക്ക് തുടക്കമായി.
ഇന്ന് രാവിലെ എട്ടുമുതല്‍ സ്റ്റീഫന്‍ ദേവസി നയിക്കുന്ന സംഗീത പരിപാടികളോടെ അത്താഘോഷം ആരംഭിക്കും. 9ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായിരിക്കും. കെ. ബാബു എം.എല്‍.എ അത്തപതാക ഉയര്‍ത്തും. കളക്ടര്‍ രേണുരാജ്, അനൂപ് ജേക്കബ് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നാടന്‍കലാരൂപങ്ങളും ഫ്ളോട്ടുകളും വാദ്യമേളങ്ങളുമായി ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയോടെ ചരിത്രമുറങ്ങുന്ന തൃപ്പൂണിത്തുറ രാജവീഥി ഇന്ന് ജനസാഗരമാകും. ആഘോഷങ്ങള്‍ സെപ്തംബര്‍ 7 വരെ നീളും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.
Leave A Comment