ഗുരുവായൂര്‍ ക്ഷേത്ര നടപ്പുരയില്‍ ബൈക്കുമായി യുവാവിന്‍റെ അഭ്യാസം, പിടികൂടി നാട്ടുകാര്‍
ഗുരുവായൂര്‍: കനത്ത പൊലീസ് സുരക്ഷയുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിന്‍റെ തിരുമുറ്റത്ത് ബൈക്കുമായി യുവാവ്.
ആയിരക്കണക്കിന് ആളുകൾ ദിവസേന എത്തുന്ന അതീവ സുരക്ഷ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഗുരുവായൂർ. നാല് നടയിലും 24 മണിക്കൂർ സുരക്ഷ ജീവനക്കാരും , പൊലീസും, സംവിധാനങ്ങളും സജ്ജമാണ് ക്ഷേത്രത്തിൽ. ഇവിടെയാണ് ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ക്ഷേത്ര നടപ്പുരയിലൂടെ യുവാവ് ബൈക്ക് ഓടിച്ച് ഉല്ലസിച്ചത്. കിഴക്കേനട കവാടം വഴിയാണ് യുവാവ് ബൈക്കുമായി അകത്ത് കയറിയത്.
പടിഞ്ഞാറേ നട വരെ ബൈക്കുമായി വിലസിയ യുവാവിനെ വ്യാപാരികളാണ് തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചത്. കണ്ടാണശ്ശേരി ആളുർ സ്വദേശി പ്രണവ്(31) ആണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 9.30നായിരുന്നു സംഭവം . ബൈക്ക് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബൈക്കോടിച്ച് എത്തിയ പ്രണവ് സത്രം ഗേറ്റ് കടന്ന് ക്ഷേത്രത്തിന് മുന്നിലെത്തി. ദീപസത്ംഭത്തിന് മുന്നിൽ അത്തപ്പൂക്കളം ഇട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്‍റെ പിൻവശത്തുകൂടി തെക്കേ നടപ്പുരയിലെത്തി കൂവള മരത്തിന് മുന്നിലൂടെ പടിഞ്ഞാറേ നടപ്പുരയിലെത്തിയ ശേഷം ഇരുമ്പ് കമ്പിയുടെ വിടവിലൂടെ പുറത്തേക്ക് കടക്കാനായിരുന്നു ശ്രമം. അപ്പോഴേക്കും ആൾക്ക് പിടിവീണു.
നടപ്പുരയിലെ ഇരുമ്പ് കമ്പികൾ ഇളക്കിമാറ്റിയശേഷമാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തത്. ഏതു സമയത്തും കുറഞ്ഞത് പതിനഞ്ച് സുരക്ഷ ജീവനക്കരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ക്ഷേത്രനട. കിഴക്കേ നടയിലെ സത്രം ഗേറ്റിൽ രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥരും പൊലീസും ഉണ്ട്. ക്ഷേത്രത്തിന് മുന്നിലെ ഒന്നാമത്തെ നടപ്പുര തുടങ്ങുന്നിടത്തും ചുരുങ്ങിയത് അഞ്ച് പൊലീസുകാരുണ്ടാകും. മാത്രമല്ല. പൊലീസ് കണ്‍ട്രോൾ മുറിയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാബിനും തൊട്ടടുത്തുണ്ട്. കല്യാണ മണ്ഡപത്തിനടുത്തും ദീപസ്തംഭത്തിന് മുന്നിലുമുണ്ടട് നാല് സുരക്ഷ ജീവനക്കാർ. കൂടാതെ രണ്ട് പൊലീസുകാരും. ഇവയ്ക്കു പുറമെ ക്ഷേത്രത്തിന് മുന്നിൽ തോക്കുമായി പ്രത്യേകം പൊലീസുകാരുമുണ്ട്. തെക്കേ നടയിലും പടിഞ്ഞാറേ ഗോപുര നടയിലുമൊക്കെ പൊലീസുണ്ട്. ഇത്രയധികം സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ് ഇയാൾ അകത്ത് കടന്നത്.
മദ്യപിച്ച് എത്തിയ ഇയാൾ പടിഞ്ഞാറേ നടയിലെ 'അപ്പാ' തീയറ്ററിൽ പോകാൻ എളുപ്പവഴി നോക്കിയാണ് അകത്ത് കയറിയതെന്ന് പൊലീസ് പറയുന്നു. കിഴക്കേ നടയിൽ പുതിയ വാഹനങ്ങൾ പൂജിക്കാൻ എത്തിച്ചിരുന്ന സ്ഥലം വഴിയാണ് ഇയാൾ അകത്ത് കയറിയത്. അകത്ത് കയറുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാർ വിളിച്ചെങ്കിലും നിർത്താതെ വണ്ടിയുമായി പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രണവിനെതിരെ ക്ഷേത്രത്തിൽ അതിക്രമിച്ച കയറിയതിന് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.
Leave A Comment