കേരളം

എം.ബി രാജേഷ് നാളെ രാജിവയ്ക്കും, മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

കേരള നിയമസഭയുടെ 23 ആം സ്പീക്കർ സ്ഥാനത്തു നിന്ന് എം.ബി രാജേഷ് നാളെ രാജിവയ്ക്കും. തുടർന്ന് ചൊവ്വാഴ്ച മന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം.ബി രാജേഷിന് തദ്ദേശ-എക്‌സൈസ് വകുപ്പുകളായിരിക്കും ലഭിക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് എം.ബി രാജേഷ് എത്തുന്നത്. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഒഴിയുമ്പോള്‍ പകരം തലശ്ശേരി എംഎല്‍എ എ.എന്‍ ഷംസീറിനെ തല്‍സ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ പാരമ്പര്യമുള്ള ചരിത്രമുള്ള കേരള നിയമസഭയുടെ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട്, ആ പാരമ്പര്യത്തോട് നീതിപുലര്‍ത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിചാരിക്കുന്നതെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

Leave A Comment