കേരളം

പാലപ്പിള്ളിയിലെ കാട്ടാനക്കൂട്ടത്തെ തുരത്താൻ കുങ്കിയാനകളെ എത്തിച്ചു

തൃശ്ശൂര്‍ പാലപ്പിള്ളി തോട്ടം മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ കാട് കയറ്റാന്‍ കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ രണ്ട് കുങ്കിയാനകളാണ് പാലപ്പിള്ളിയിലെത്തിയത്. നാളെ മുതല്‍ കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

കള്ളായി പത്താഴപ്പാറയിലാണ് കുങ്കി ആനകള്‍ക്കായി താവളമൊരുക്കിയിരിക്കുന്നത്. വയനാട്ടിലെ മുത്തങ്ങ ആന പരീശീലന കേന്ദ്രത്തില്‍നിന്നുള്ള ആനകള്‍ ഇന്നലെ രാത്രിയാണ് പാലപ്പിള്ളിയിലെത്തിയത്.

വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 12 അംഗ സംഘം കുങ്കി ആനകള്‍ക്ക് ഒപ്പമുണ്ട്. രണ്ട് ലോറികളിലായി കൊണ്ടുവന്ന ആനകള്‍ക്കൊപ്പം രണ്ട് പാപ്പാന്‍മാരും സഹായികളുമുണ്ട്. രണ്ട് ബയോളജിസ്റ്റ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരും സംഘത്തിലുണ്ട്.

കള്ളായി പത്താഴപ്പാറയില്‍ കുങ്കി ആനകള്‍ക്ക് താവളമൊരുക്കിയതിനാല്‍ കള്ളായിമൂല മുതല്‍ പത്താഴപ്പാറ വരെയുള്ള ഭാഗത്ത് വനം വകുപ്പ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ന് വിശ്രമത്തിന് ശേഷം നാളെ മുതല്‍ കാട്ടാനകളെ കാട് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

Leave A Comment