കേരളം

സിപിഎം മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടി: ഇ.പി. ജയരാജൻ

കണ്ണൂർ: മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. എല്ലാ കാലത്തും മാധ്യമ സംരക്ഷണത്തിന് വേണ്ടി പാർട്ടി പ്രവർത്തിച്ചിട്ടുണ്ട്. പി.എം. ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് സ്വാഭാവിക നടപടി മാത്രമാണെന്നും ജയരാജൻ പറഞ്ഞു.

സാധാരണ അന്വേഷണ നടപടി മാത്രമാണ് മാധ്യമ പ്രവർത്തകയുടെ കാര്യത്തിലുള്ളത്. പരാതി കിട്ടിയാൽ അന്വേഷിക്കണ്ടേയെന്നും ഇ.പി. ചോദിച്ചു. സിദ്ധിഖ് കാപ്പന് വേണ്ടി ആദ്യം ശബ്ദമുയർത്തിയത് സിപിഎമ്മാണ്. അക്കാര്യം മറന്ന് സിപിഎമ്മിനെ ആക്ഷേപിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇ.പി പറഞ്ഞു.

മാധ്യമ വേട്ടയ്ക്ക് പ്രോത്സാഹനം നൽകിയ യുഡിഎഫുകാർ ഇപ്പോൾ സംരക്ഷകരുടെ വേഷത്തിൽ എത്തിയിരിക്കുകയാണ്. പരാതി കൊടുത്താൽ അന്വേഷണം നടത്തും. അന്വേഷണത്തിൽ രേഖകളും തെളിവുകളുമുണ്ടെങ്കിൽ കേസെടുക്കുമെന്നും അന്വേഷണ നടപടികളെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

Leave A Comment