ലൈഫ് മിഷന് കോഴയിടപാട്; ശിവശങ്കര്‍ ചികിത്സയ്ക്കായി ഇടക്കാല ജാമ്യം തേടി
കൊച്ചി: ലൈഫ് മിഷന് കോഴയിടപാടുമായി ബന്ധപ്പെട്ടുള്ള ഇഡിക്കേസില്‍ ജയിലില്‍ കഴിയുന്ന, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മൂന്നു മാസത്തെ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയില്‍. വലതുകാല്‍ മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായാണ് ഇടക്കാല ജാമ്യം തേടിയിരിക്കുന്നത്.
നേരത്തെ ഈ ആവശ്യം ഇഡി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇടക്കാല ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കോഴ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി നേരത്തെ കേസെടുത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റുചെയ്തത്.
തുടര്‍ന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കര്‍ നല്കിയ ജാമ്യാപേക്ഷ കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരമുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ശിവശങ്കര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
എന്നാൽ ചികിത്സയ്ക്കുവേണ്ടി ഇടക്കാല ജാമ്യത്തിന് ശിവശങ്കറിന് കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Leave A Comment