മുഹമ്മദ് റിയാസ് കേരളത്തിന് അപമാനം: രാജിവയ്ക്കണമെന്ന് കെ. സുരേന്ദ്രൻ
തിരുവനന്തപുരം: വടകര തപാൽ ഓഫീസ് അക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ 3.80 ലക്ഷം രൂപ നഷ്ടപരിഹാരം കെട്ടിവച്ച മന്ത്രി മുഹമ്മദ് റിയാസ് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
പൊതുമുതൽ നശിപ്പിച്ച കേസിൽ പൊതുമരാമത്ത് മന്ത്രി നഷ്ടപരിഹാരം കെട്ടിവെച്ചത് കേരളത്തിന് അപമാനമാണ്. പൊതുമുതൽ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് കേന്ദ്രസർക്കാരിന്റെ 1.20 ലക്ഷം രൂപയുടെ കിയോസ്ക്ക് നശിപ്പിച്ചത്. പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന സംവിധാനമാണ് അന്നത്തെ ഡിവൈഎഫ്ഐ നേതാവായിരുന്ന റിയാസ് നശിപ്പിച്ചത്.
മുഹമ്മദ് റിയാസ് പോലീസ് ഉൾപ്പെടെയുള്ളവരെ ഭരണസംവിധാനം ഉപയോഗിച്ച് കൂറുമാറ്റിയാണ് ക്രിമിനൽ കേസിൽ നിന്നും രക്ഷപ്പെട്ടത്. ഇത് അധികാര ദുർവിനിയോഗമാണ്. ക്രിമിനൽ കേസ് നിലനിന്നിരുന്നെങ്കിൽ മുഹമ്മദ് റിയാസ് അയോഗ്യനാവുമായിരുന്നു. റിയാസ് കുറ്റം സമ്മതിച്ച സ്ഥിതിക്ക് ക്രിമിനൽ കേസ് റീട്രയൽ നടത്തണം.
പ്രോസിക്യൂഷൻ മനപൂർവം പരാജയപ്പെട്ടത് സർക്കാര് അധികാര ദുർവിനിയോഗം നടത്തിയതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. മുഹമ്മദ് റിയാസിന് മന്ത്രിയായി തുടരാനുള്ള ധാർമ്മിക അവകാശമില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Leave A Comment