'ഭീഷണിയുടെ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ല'; സുധാകരന് പിന്തുണയുമായി രാഹുൽ
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ കേസിൽ രൂക്ഷമായി പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് പാർട്ടി ഭീഷണിയുടെ രാഷ്ട്രീയത്തെ ഭയപ്പെടുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സുധാകരനും വി.ഡി. സതീശനും ഒപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.
സുധാകരും സതീശനും രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അറിയിക്കാനാണ് ഇരുനേതാക്കളും രാഹുലിനെ കണ്ടത്. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതേസമയം സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്നു നീക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് ഹൈക്കമാൻഡും വ്യക്തമാക്കി.
മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തികത്തട്ടിപ്പ് കേസിൽ സുധാകരൻ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ടെന്നത് തെറ്റായ വിവരമാണെന്ന് താരീഖ് അൻവർ അറിയിച്ചു.
Leave A Comment