കേരളം

ശക്തിധരന്‍റെയും മാധ്യമപ്രവര്‍ത്തകയുടെയും വെളിപ്പെടുത്തലില്‍ അന്വേഷണം വേണം

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ മുഖ്യമന്ത്രിക്കെതിരായി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ഇത്രയും കൃത്യമായ വിശദാംശങ്ങളോടു കൂടിയ ഒരു വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വ്യാജപരാതികളുടെ അടിസ്ഥാനത്തില്‍ തനിക്കും പ്രതിപക്ഷ നേതാവിനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ കേസെടുക്കുന്ന പോലീസിന് ശക്തിധരന്‍റെ ആധികാരികമായ വെളിപ്പെടുത്തലുകളെ അവഗണിക്കാനാകില്ല. പിണറായി വിജയന്‍ എറണാകുളത്തെ ദേശാഭിമാനി ഓഫീസില്‍ വച്ച് 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടി ഇരുട്ടിന്‍റെ മറവില്‍ കാറില്‍ കടത്തിക്കൊണ്ടുപോയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി.

പാര്‍ട്ടിക്കു ലഭിക്കേണ്ടിയിരുന്ന ഈ പണമെല്ലാം എവിടെപ്പോയെന്നത് പാര്‍ട്ടിക്കുപോലും അറിയാത്ത വലിയൊരു ചോദ്യചിഹ്നമാണ്. എന്നാല്‍ ഇതു സംബന്ധിച്ച സൂചനകള്‍ ലഭിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍ ബംഗളൂരു ആസ്ഥാനമായ സന്ധ്യ രവിശങ്കര്‍ എന്ന മാധ്യമ പ്രവര്‍ത്തക പുറത്തുകൊണ്ടു വന്നിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റുകാരുമായി ചേര്‍ന്ന് പിണറായി വിജയന്‍ 1500 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയെന്ന
ഇവരുടെ ആരോപണത്തിലും അന്വേഷണം വേണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

കൈതോലപ്പായയില്‍ നായികയെ തട്ടിക്കൊണ്ടു പോകുന്നതൊക്കെ സിനിമയില്‍ മാത്രമാണ് മലയാളികള്‍ കണ്ടിട്ടുള്ളത്. അതില്‍ കെട്ടുകണക്കിന് നോട്ടുകള്‍ കടത്താമെന്ന് ആദ്യമായി കണ്ടുപിടിച്ചത് പിണറായിയാണെന്നും സുധാകരന്‍ പരിഹസിച്ചു.

Leave A Comment