കേരളം

മഴ ശക്തം: തൃശൂർ അടക്കം മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതിനാൽ മുന്നറിയിപ്പുമായി മന്ത്രി കെ രാജൻ. മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച യോ​ഗത്തിന് ശേഷം മഴക്കെടുതി നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടന്നത്. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുത്തു.

മുന്നൊരുക്കങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും ജില്ലാ കളക്ടർമാർക്കായിരിക്കും ചുമതല. അപകടാവസ്ഥയിൽ ഉള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള തീരുമാനമായി. എന്നാൽ ഇതിന് കളക്ടറുടെ നിർദേശത്തിന് കാത്തുനിൽക്കേണ്ടതില്ല. ക്യാമ്പുകൾ തുറക്കാൻ സജ്ജമാണ്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വരാൻ സാധ്യതയുണ്ട്. താലൂക് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും എമർജൻസി സെന്ററുകൾ തുറക്കും. പനി ബാധിതരെ പ്രത്യേകം പാർപ്പിക്കണം. അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (5-7-2023) അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. രണ്ട് ജില്ലകളില്‍ കാലാവസ്ഥ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് റെഡ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കഴിഞ്ഞ മണിക്കൂറുകളിൽ തെക്കൻ, മധ്യകേരളത്തിൽ വ്യാപകമായും കണ്ണൂർ, കാസർകോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം.

ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളിൽ ശക്തമായ മഴ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave A Comment