ഏക സിവിൽ കോഡിനെതിരെ ഏകാഭിപ്രായം വേണം; എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്.രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കുമുണ്ട്. മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാർലമെന്റ് അംഗങ്ങൾ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കലിൽ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം. അതിനായി എംപിമാർ ശബ്ദമുയർത്തണം.
ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങൾ ഇതുവരെ ജിഎസ്ടി കൗൺസിൽ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാൻ ഒരുമിച്ച് നിൽക്കുമെന്ന് എംപിമാർ പറഞ്ഞു.
Leave A Comment