മൈക്ക് കേസ്; പോലീസ് വ്യാഴാഴ്ച്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിക്കുന്നതിനിടെ മൈക്ക് പണിമുടക്കിയതിന്റെ പേരിലെടുത്ത കേസില്‍ പോലീസ് വ്യാഴാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്ക് തകരാറില്ലെന്ന ഇലക്ട്രോണിക്സ് വിഭാഗം റിപ്പോര്‍ട്ടും ഹാജരാക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ളിഫയറും ബുധനാഴ്ച ഉടമയ്ക്ക് തിരികെനല്‍കിയിരുന്നു.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഉമ്മന്‍ ചാണ്ടി അനുസ്മരണ ചടങ്ങിനിടെ മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്ന വേളയില്‍ മൈക്ക് പണിമുടക്കുകയായിരുന്നു.വിഷയത്തില്‍ കേരളാ പോലീസ് ആക്ട്118 ഇ വകുപ്പ് പ്രകാരമായിരുന്നു കന്റോണ്‍മെന്റ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല.
നിമിഷങ്ങള്‍ മാത്രം മൈക്ക് തകരാറായതിന്റെ പേരിലായിരുന്നു കേസ്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കില്‍ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രതി പ്രവര്‍ത്തിച്ചുവെന്നായിരുന്നു എഫ്ഐആര്‍.
വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്നും എതിർപ്പുയരുകയും ചെയ്തു. കേസ് വിവാദമായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടു. കേസില്‍ പരിശോധന മാത്രം മതിയെന്നും തുടര്‍ നടപടികള്‍ പാടില്ലെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്കി.
മുഖ്യമന്ത്രി ഇടപെട്ടതോടെ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രോണിക് വിഭാഗത്തിലെ പരിശോധന അതിവേഗം പൂര്‍ത്തിയാക്കി മൈക്കും ഉപകരണങ്ങളും മൈക്ക് ഓപ്പറേറ്റര്‍ വട്ടിയൂര്‍ക്കാവിലെ എസ്വി സൗണ്ട്സ് ഉടമ രഞ്ജിത്തിന് പോലീസ് കൈമാറി.
Leave A Comment