വാഴവെട്ട് കേസ്; സഹായം നൽകുമെന്നു മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: വാരപ്പെട്ടിയിൽ കെ എസ് ഇ ബി ജീവനക്കാർ വാഴ വെട്ടി നശിപ്പിച്ച സംഭവത്തിൽ ഉചിതമായ സഹായം നൽകുമെന്ന് വൈദ്യുതി വകുപ്പുമന്ത്രിയുടെ ഓഫീസ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഉചിതമായ സഹായം നൽകുന്നതിനുള്ള തീരുമാനമെടുക്കാൻ കെഎസ്ഇബി പ്രസരണ വിഭാഗം ഡയറക്ടർക്കു നിർദേശം നൽകിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് സഹായം നൽകുന്നു എന്നാണു പറയുന്നത്. കെഎസ്ഇബി ജീവനക്കാരെ ഏറെക്കുറെ കുറ്റവിമുക്തരാക്കിയാണ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.
220 കെവി ലൈനിനു കീഴിൽ പരാതിക്കാരൻ വാഴകൾ നട്ടിരുന്നു എന്നും അവ ലൈനിനു സമീപം വരെ വളർന്നിരുന്നു എന്നും പ്രാഥമിക അന്വേഷണത്തിൽ മനസിലായതായി മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56 ന് മൂലമറ്റം നിലയത്തിൽ നിന്നുള്ള ലൈൻ തകരാരിലായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ പരാതിക്കാരന്റെ വാഴയുടെ ഇലകൾ കാറ്റടിച്ചപ്പോൾ ലൈനിനു സമീപം എത്തുകയും ചില വാഴകൾക്ക് തീ പിടിക്കുകയും ചെയ്തു എന്നും വ്യക്തമായി. കെഎസ്ഇബി ജീവനക്കാർ സ്ഥലപരിശോധന നടത്തിയപ്പോൾ, സമീപവാസിയായ ഒരു സ്ത്രീക്ക് ചെറിയ തോതിൽ വൈദ്യുതി ഷോക്ക് ഏറ്റതായും മനസിലാക്കി.
വൈകുന്നേരം ഇടുക്കി കോതമംഗലം 220 കെവി ലൈൻ പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ലൈനിനു സമീപം വരെ വളർന്ന വാഴകൾ അടിയന്തരമായി വെട്ടിമാറ്റി ലൈൻ ചാർജ് ചെയ്തു എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.
മാത്രമല്ല, ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ നിന്നും വൈകുന്നേരം ലഭിക്കുന്ന അധിക ഉത്പാദന ശേഷി ഉപയോഗിക്കണമെങ്കിൽ ലൈൻ തകരാർ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇതിനാൽ പെട്ടെന്നു നടപടി എടുക്കേണ്ടി വന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന വിശദീകരണം.
Leave A Comment