കേരളം

'വിലക്കയറ്റത്തില്‍' നിയമസഭയില്‍ ബഹളം; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: വിലക്കയറ്റത്തേ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വിലക്കയറ്റത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. സപ്ലൈക്കോയില്‍ മല്ലി, ചെറുപയര്‍, വെളിച്ചണ്ണ എന്നീ മൂന്ന് സാധനങ്ങള്‍ മാത്രമേ ഉള്ളെന്ന് എംഎല്‍എ പറഞ്ഞു.

സംസ്ഥാനത്ത് വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ സഭയില്‍ പറഞ്ഞു. സപ്ലൈക്കോ ഔട്ട്‌ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 അവശ്യ സാധനങ്ങള്‍ നല്‍കുന്നുണ്ട്. സപ്ലൈക്കോ വഴിയുള്ള വിപണി ഇടപെടലിന് മാത്രം സര്‍ക്കാരിന് പ്രതിവര്‍ഷം 315 കോടി രൂപയുടെ ചെലവ് വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സപ്ലൈക്കോയില്‍ അവശ്യ സാധനങ്ങളൊന്നും ഇല്ലെന്നും വേണമെങ്കില്‍ ഒരുമിച്ച് പോയി നോക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ സതീശന്‍ പറഞ്ഞത് തെറ്റായ വിവരമാണെന്നും സഭ വിട്ടതിന് ശേഷം സപ്ലൈക്കോ ഔട്ട്‌ലെറ്റില്‍ വരാന്‍ താന്‍ തയാറാണെന്നും ഭക്ഷ്യമന്ത്രി മറുപടി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ വാക്ക് ഔട്ട് പ്രസംഗത്തിനിടെ ധനമന്ത്രിയും കൃഷിമന്ത്രിയും ഭക്ഷ്യമന്ത്രിയും ഒരുമിച്ച് എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം വച്ചു.

മന്ത്രിമാര്‍ തന്‍റെ പ്രസംഗം തടസപ്പെടുത്തുകയാണെന്ന് സതീശന്‍ ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. മന്ത്രിമാരെ പിന്തുണച്ച് കൊണ്ട് ഭരണപക്ഷ അംഗങ്ങളും ബഹളം വച്ചു.

വിഷയത്തേ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.

Leave A Comment