താനൂര്‍ കസ്റ്റഡിമരണം; ഒറ്റപ്പെട്ട സംഭവങ്ങളുടെ എണ്ണം കൂടിയെന്ന് സതീശന്
തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.
മരിച്ച താമിറിന് കസ്റ്റഡിയില്‍ ക്രൂരപീഡനമാണുണ്ടായതെന്ന് എന്‍.ഷംസുദ്ദീന് എംഎല്‍എ പറഞ്ഞു. കേസില്‍ അടിമുടി ദുരൂഹതയുണ്ട്. മലപ്പുറം എസ്പി തെളിവ് നശിപ്പിക്കാന്‍ ഇടപെട്ടു. എസ്പിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം നടത്തണം.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറോട് എസ്പി സ്വകാര്യമായി സംസാരിച്ചതിന് തെളിവുണ്ട്. അന്വേഷണം സിബിഐക്ക് വിട്ടെങ്കിലും എസ്പിക്കെതിരേ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
താനൂരിലെ സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന് ആരെയും തല്ലിക്കൊല്ലാന്‍ അധികാരമില്ല. കൊള്ളരുതായ്മ കാട്ടിയവരെ സര്‍വീസില്‍നിന്ന് വരെ ഒഴിവാക്കിയിട്ടുണ്ട്. എസ്പിക്കെതിരേയുള്ള പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താനൂരിലേത് ഒറ്റപ്പെട്ട സംഭവമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്തെത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണി നോക്കാന്‍ കൗണ്ടിംഗ് മെഷീന് വാങ്ങേണ്ടി വരുമെന്ന് സതീശന് പറഞ്ഞു.
ഇഷ്ടക്കാര്‍ക്കെതിരേ പോലീസ് കേസെടുക്കില്ല. എം.വി.ഗോവിന്ദനെ ഡിജിപിയായും ആലപ്പുഴ ജില്ലാ സെക്രട്ടറിയെ എസ്പിയായും നിയമിക്കണമെന്നും സതീശന് പറഞ്ഞു.
താനൂരിലെ കസ്റ്റഡി മരണം ലാഘവത്തോടെ കാണുന്ന സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.
Leave A Comment