ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിച്ചു: വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേതാകരുതെന്ന് ചിലർ ആഗ്രഹിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റമുണ്ടാകുമെന്ന് ചിലർ പ്രചരിപ്പിച്ചെന്നും എന്നാൽ ഇത്തരം പ്രചരണങ്ങളെ തള്ളിയാണ് ജനം തുടർഭരണം നൽകി അധികാരത്തിലെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016ലെ അതേ വിലയിൽ തന്നെയാണ് ഇപ്പോഴും 13 ഇന സാധനങ്ങൾ നൽകുന്നതെന്നും ക്ഷേമപെൻഷനുകൾ കൃത്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
ഓണം എന്നത് എള്ളോളമില്ല പൊളിവചനമെന്നാണല്ലോ. ഞാൻ ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. എന്തെല്ലാം പ്രചരണം നടത്തി? വിലകയറ്റമുണ്ടാകുമെന്ന് പ്രചരിപ്പിച്ചു. ചില നിക്ഷിപ്ത താൽപര്യക്കാർ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുകയാണ്.
ഇവർ കണ്ടാലും കൊണ്ടാലും പഠിക്കില്ല. അവർ നടത്തിയ പ്രചരണം തള്ളിയാണ് 99 സീറ്റോടെ എൽഡിഎഫ് അധികാരത്തിൽ വന്നത്. തെറ്റായ പ്രചരണങ്ങൾ ജനം എങ്ങനെ തള്ളുമെന്നതിന് ഉദാഹരണമാണ് ഭരണത്തുടർച്ച.
പൊതുവിതരണ ശൃംഖല വളരെ ശക്തമാണ്. 2016-ലെ അതേ വിലയ്ക്കാണ് 13 ഇന സാധനങ്ങൾ നൽകുന്നത്. സാധനങ്ങളില്ല എന്ന് പ്രചരണം നടക്കുന്നു. നാട്ടുകാർ ചെല്ലുമ്പോൾ സാധനങ്ങൾ ലഭിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ കൃത്യമായി ലഭിക്കുന്നു. സംതൃപ്തമായ ഓണനാളുകളിലേക്കാണ് നാം കടക്കുന്നത്.
നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത്. ഹാപ്പിനെസ് നിലനിൽക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും. 25 വർഷത്തിനുള്ളിൽ ഈ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Leave A Comment