തദ്ദേശ സ്ഥാപനങ്ങളിൽ വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയും 2023 ജനുവരി ഒന്ന് യോഗ്യതയായി നിശ്ചയിച്ചും 2023 സെപ്റ്റംബറിൽ വോട്ടർപട്ടിക സംക്ഷിപ്ത പുതുക്കൽ നടത്തുന്നു. ഇതിനായുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ എട്ടിന് പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയ്യതി സെപ്റ്റംബർ 23. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ (ഇ.ആർ.ഒ) തുടർനടപടി സ്വീകരിച്ച് അപ്‌ഡേഷൻ പൂർത്തിയാക്കൽ ഒക്‌ടോബർ 10. അന്തിമ വോട്ടർപട്ടിക ഒക്‌ടോബർ 16ന് പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയ്യതി 2023 ജനുവരി ഒന്ന് ആണ്. യോഗ്യതാ തീയ്യതിയായി നിശ്ചയിച്ച 2023 ജനുവരി ഒന്നോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും (ഫോറം നാല്) ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം ആറ്) ഒരു വാർഡിൽനിന്നോ പോളിംഗ് സ്‌റ്റേഷനിൽനിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം ഏഴ്) sec.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷകൻ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ/ആക്ഷേപം സമർപ്പിക്കണം. ഓൺലൈൻ അപേക്ഷ അയക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ജനററ്റേഡ് ഹിയറിംഗ് നോട്ടീസ് അപേക്ഷകന് ലഭിക്കും. അക്ഷയ കേന്ദ്രം തുടങ്ങിയ സർക്കാർ അധികൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങൾ (ഫോറം അഞ്ച്) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അവയുടെ പ്രിൻറൗട്ടിൽ ആക്ഷേപകർ ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആർ.ഒക്ക് ലഭ്യമാക്കുകയും വേണം. ഫോറം അഞ്ചിൽ ആക്ഷേപങ്ങൾ ലഭിച്ചാലുടൻ ഇ.ആർ.ഒ ആക്ഷേപകനും ആർക്കെതിരെയാണോ ആക്ഷേപമുള്ളത് അയാൾക്കും തീയ്യതി രേഖപ്പെടുത്തിയ ഹിയറിംഗ് നോട്ടീസ് നൽകണം.
ഇ.ആർ.ഒ ഓൺലൈനായും നേരിട്ടും ലഭിക്കുന്ന അപേക്ഷകൾ/ആക്ഷേപങ്ങൾ സംബന്ധിച്ച് ആവശ്യമായ പരിശോധന, അന്വേഷണം, നേർവിചാരണ നടത്തി ഉചിതമായ നടപടി സ്വീകരിക്കും. ഓരോ അപേക്ഷയിലും ആക്ഷേപത്തിൻമേലുള്ള തീരുമാനം ഉടൻതന്നെ രേഖാമൂലം ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കേണ്ടതാണ്. ഇ.ആർ.ഒ അപേക്ഷകൾ/ആക്ഷേപങ്ങളിൻമേൽ സ്വീകരിക്കുന്ന നടപടിക്കെതിരെ അപേക്ഷകർക്ക് ഉത്തരവ് തീയ്യതി മുതൽ 15 ദിവസത്തിനകം അപ്പീൽ അധികാരിക്ക് അപേക്ഷ നൽകാം. സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ അപ്പീൽ അധികാരി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടറാണ്.
Leave A Comment