ചാണ്ടി ഉമ്മൻ എം എൽ എ: ദൈവനാമത്തിൽ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ
തിരുവനന്തപുരം : പുതുപ്പള്ളിയിൽ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിയോടെയായിരുന്നു ദൈവനാമത്തിൽ സത്യപ്രതിജ്ഞ. അതിരാവിലെ പുതുപ്പള്ളി ഹൗസിൽ നിന്നും വിവിധ ആരാധനാലയങ്ങളിലെത്തി പ്രാർത്ഥന നടത്തിയാണ് ചാണ്ടി നിയമസഭയിലേക്കെത്തിയത്. ഡസ്കിൽ കയ്യടിച്ചായിരുന്നു പ്രതിപക്ഷം ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ സ്വീകരിച്ചത്.
ഉമ്മൻചാണ്ടിയുടെ പേന കരുതലോർമ്മയായി അമ്മ മറിയാമ്മ ചാണ്ടി ഉമ്മന് നൽകി. അപ്പയുടെ ഛായാചിത്രത്തിൽ കൈകൂപ്പി പ്രാർത്ഥന നടത്തിയ ശേഷം, ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചു. ആറ്റുകാലിലും സന്ദർശനം നടത്തി. അവിടെ നിന്നും സ്പെൻസർ ജംഗ്ഷനിലെ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ കത്രീഡലിലെത്തി പ്രാർത്ഥിച്ചു. പാളയം പള്ളിയിൽ കാണിക്കയുമിട്ട ശേഷം നിയമസഭ കോംപ്ലക്സിലെത്തി. പ്രതിപക്ഷ നേതാവിനെയും സ്പീക്കറെയും കണ്ട ശേഷം പത്തുമണിയോടെ ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്ത് എംഎൽഎയായി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും ഹസ്തദാനം നൽകി ചാണ്ടി ഇരിപ്പിടത്തിലേക്ക്.
Leave A Comment