കേരളം

അരക്കോടി അയല്‍ക്കൂട്ടക്കാര്‍ തിരികെ സ്‌കൂളിലേക്ക്

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുമ്പ് പടിയിറങ്ങിപ്പോയ സ്വന്തം പള്ളിക്കൂട മുറ്റത്തേക്ക് അരക്കോടി അയല്‍ക്കൂട്ടം സ്ത്രീകള്‍ യൂണിഫാം ധാരികളായി തികച്ചും പഠിതാക്കളായി തിരികെയെത്തും. ബാഗും കുടയും ചോറ്റുപാത്രവും വാട്ടര്‍ ബോട്ടിലും പുസ്തക കൂട്ടുമേന്തി പഠിച്ച പള്ളിക്കൂടത്തിലേക്ക് അവരെത്തുന്നത് ഗ്രാമ, നഗരങ്ങള്‍ക്ക് ഒരുപോലെ കുളിർ കാഴ്ചയാകും.

 തികച്ചും ഗൃഹാതുരത്വമുണര്‍ത്തുന്ന 'തിരികെ സ്‌കൂളില്‍' എന്ന ഈ നൂതന പദ്ധതിക്ക് സംസ്ഥാന കുടുംബശ്രീ മിഷനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് വേദിയൊരുക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 10 വരെയാണ് പരിപാടി. സ്ത്രീ ശാക്തീകരണത്തിന്റെ പുതുപുത്തന്‍ ആവിഷ്‌കാരമാകുന്ന 'തിരികെ സ്‌കൂളില്‍' പദ്ധതിയുടെ വിജയത്തിനായി സംസ്ഥാനത്തെ 20,000 ഏര്യാ ഡെവലപ്പ്‌മെന്റ് സൊസൈറ്റികളിലെയും 1070 കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് സൊസൈറ്റികളിലെയും വളന്റിയർമാരും 15000 റിസോഴ്‌സസ് പേഴ്‌സന്‍മാരും ജില്ലാതല ക്യാമ്പുകളില്‍ തീവ്രപരിശീലനം ആരംഭിച്ചു കഴിഞ്ഞു. 

ക്യാമ്പുകളില്‍ കുടുംബശ്രീ, സ്‌നേഹിത, വിവിധ വനിതാ ഗ്രൂപ്പ്, അയല്‍ കൂട്ടം തുടങ്ങിയവയും സഹകരിക്കുന്നുണ്ട്. രണ്ട് ദിവസ ദൈര്‍ഘ്യത്തിലാണ് ഓരോ ജില്ലാ തല പരിശീലന ക്യാമ്പും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 2000 സ്‌കൂളുകള്‍ ഈ പദ്ധതിക്കായി വിദ്യാഭ്യാസവകുപ്പ് അനുവദിച്ചു. സ്‌കൂള്‍ അവധി ദിവസങ്ങളിലാണ് തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍ സാധ്യമാക്കുക. ഓരോ സി.ഡി.എസിന് കീഴിലുമുള്ള സ്‌കൂളുകളില്‍ അതാത് ഏര്യയിലെ സ്ത്രീകള്‍ പഠിതാക്കളായെത്തും. സ്‌കൂള്‍ പഠനകാലത്തെ അനുസ്മരിക്കും വിധമാണ് ക്ലാസുകള്‍ സജ്ജമാക്കുന്നത്.

 രാവിലെ 9:30ന് ഫസ്റ്റ് ബെല്‍ മുഴങ്ങും. 9:30 മുതല്‍ 9:45 വരെ അസംബ്ലി. അസംബ്ലിയില്‍ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. തുടര്‍ന്ന് ക്ലാസ് മുറികളില്‍ അധ്യാപകരെത്തി ഹാജര്‍ രേഖപ്പെടുത്തിയ ശേഷം അധ്യയനം ആരംഭിക്കും. ''സംഘ ശക്തി അനുഭവങ്ങള്‍, അയല്‍ക്കൂട്ട അനുഭവങ്ങള്‍, കണക്ക്, സംഘഗാനം, ജീവിതഭദ്രത, ഞങ്ങളുടെ സന്തോഷം, ഉപജീവനം, ആശയങ്ങള്‍, പദ്ധതികള്‍, ഡിജിറ്റല്‍ കാലം'' എന്നീ വിഷയങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ അഞ്ച് പാഠങ്ങളാക്കി തിരിച്ച്‌ പഠിപ്പിക്കും. ഇതിനായി 15,000 റിസോഴ്‌സസ് പേഴ്‌സമാരെ അധ്യാപകരായി നിയോഗിച്ചിട്ടുണ്ട്. അധ്യാപക പരിശീലനവും പല കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ഉച്ചയ്ക്ക് മുമ്പ് 15 മിനിറ്റ് ഇടവേള നല്‍കും. ഒരു മണി മുതല്‍ 1:45 വരെ ഭക്ഷണസമയം. ഭക്ഷണവേളയില്‍ ചെറു കലാപരിപാടികളുമാവാം. ഓരോ പിരിയഡ് കഴിയുമ്പോഴും ബെല്‍ മുഴങ്ങും. ക്ലാസില്‍ സ്മാര്‍ട്ട്‌ഫോണ്‍, ഇയര്‍ ഫോണ്‍ എന്നിവ വേണമെങ്കില്‍ കൊണ്ടുവരാം. 

കുടുംബശ്രീ ത്രിതല സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുതിനും പുതിയകാല സാദ്ധ്യതകള്‍ക്കായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തരാക്കുകയുമാണ് ഈ ബൃഹദ് കാമ്പയിന്റെ ലക്ഷ്യങ്ങളിലൊന്ന്. അയല്‍ കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുക, സ്ത്രീ പദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും 'തിരികെ സ്‌കൂളിലേക്ക്' പദ്ധതിയുടെ പിന്നിലുണ്ട്.

Leave A Comment