കേരളം

വൈദ്യുതി കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ അഴിമതി; അന്വേഷണം വേണം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യുഡിഎഫ് കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അഴിമതി നടന്നതെന്നു സംശയിക്കുന്നെന്നും സതീശൻ പറഞ്ഞു.

പാര്‍ട്ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സര്‍ക്കാരിന് ഒത്താശ ചെയ്തത്.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തെ കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിനുശേഷം അത് പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. കരാര്‍ റദ്ദാക്കിയതിലും അതിനുശേഷം നടന്ന ഇടപാടുകളിലും സര്‍ക്കാരിനുള്ള പങ്ക് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കെഎസ്ഇബിക്കുണ്ടായ ബാധ്യത സര്‍ ചാര്‍ജായി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെ എന്ത് വിലകൊടുത്തും ചെറുക്കും.

വൈദ്യുതി ആവശ്യകതയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡാമില്‍ വെള്ളം കുറഞ്ഞതു കൊണ്ടാണ് വൈദ്യുതി പ്രതിസന്ധിയെന്നും നിരക്കു വര്‍ധന വേണമെന്നുമുള്ള പ്രചരണം അഴിമതിയും ഭരണപരാജയവും മറച്ചുവയ്ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും സതീശൻ ആരോപിച്ചു.

Leave A Comment