'പൊതുഖജനാവ് കൊള്ളയടിച്ച് സിപിഎമ്മിനെ തീറ്റിപ്പോറ്റാൻ 27 കോടിയുടെ 'കേരളീയം': ചെന്നിത്തല
തിരുവനന്തപുരം: കേരളപ്പിറവിയോടനുബന്ധിച്ച് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പാണെന്നും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻപോലും പണമില്ല. 5000 രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്നു മാറിയെടുക്കാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകർച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ട എന്താവശ്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ആർക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നത്? സി പി എം അനുകൂല സംഘടനകളെയും അവരുടെ സഹയാത്രികരെയും തീറ്റിപ്പോറ്റുന്നതിന് വേണ്ടിയാണ് ഈ മാമാങ്കമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.കേരളത്തെ അടയാളപ്പെടുത്തേണ്ടത് ഇങ്ങിനെയല്ല. ലോകത്തിനു മുൻപിൽ കേരളത്തിന് ഒരു പേരും പെരുമയുമുണ്ട്. അപ്പോൾ കോടിക്കണക്കിന് രൂപ ഇങ്ങനെ ചെലവഴിച്ച് ഒരു പരിപാടി നടത്തേണ്ട എന്ത് കാര്യമാണ് മുഖ്യമന്ത്രിക്കുള്ളത്. അപ്പോൾ ധൂർത്തും അഴിമതിയുമാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികൊണ്ട് സംസ്ഥാനത്തിനും ജനങ്ങൾക്കും ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല വിമർശിച്ചു.
Leave A Comment