കേരളം

മുഖ്യമന്ത്രിയെ ബിജെപി ഭയപ്പെടുത്തി: വിഡി സതീശൻ

തിരുവനന്തപുരം: എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ്ണ സമ്മതം നൽകിയെന്ന ജെഡിഎസ് തലവൻ എച്ച് ഡി ദേവ ഗൗഡയുടെ പ്രസ്താവന ആയുധമാക്കി യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണെന്ന് എംകെ മുനീറും ദേവഗൗഡയുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ശശി തരൂർ എംപിയും ആവശ്യപ്പെട്ടു.

ദേവഗൗഡ പറയുന്നതാണോ അല്ല സംസ്ഥാനത്തെ ജെഡിഎസ് നേതാക്കൾ പറയുന്നതാണോ സത്യമെന്ന് അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ രാഷ്ട്രീയ മര്യാദ സംബന്ധിച്ച് ആളുകൾക്ക് സംശയമുണ്ടാകുമെന്നും ശശി തരൂർ എംപി പറഞ്ഞു. ബിജെപി- സിപിഎം ബാന്ധവം പുറത്ത് വന്നെന്ന് കുറ്റപ്പെടുത്തിയ എംകെ മുനീർ, ഈ ബന്ധം മറച്ചു വയ്ക്കാനാണ് കോൺഗ്രസിനെതിരെ സിപിഎം - ബിജെപി ബന്ധം ആരോപിക്കുന്നതെന്നും വിമർശിച്ചു.

ദേവഗൗഡയുടേത് ഗുരുതരമായ വെളിപ്പെടുത്തലാണെന്നും പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങളാണ് പുറത്ത് വന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സ്വർണക്കടത്ത്, ലൈഫ് മിഷൻ അഴിമതി കേസുകളിൽ അന്വേഷണം  അവസാനിച്ചത് ബിജെപി ബന്ധത്തെ തുടർന്നാണ്. ഇന്ത്യ മുന്നണിയിൽ സിപിഎം പ്രതിനിധിയെ അയക്കാതിരിക്കാൻ കേരളാ സിപിഎം ശ്രമിച്ചു.

Leave A Comment