കേരളം

നവകേരള സദസിന് കുട്ടികൾ: മറുപടിയുമായി പിണറായി; സതീശന് വിമർശനം

തിരുവനന്തപുരം : നവകേരള സദസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് നടത്തിയ 'ഡിവൈഎഫ്ഐ  ജീവൻ രക്ഷാപ്രവർത്തനം' പരാമർശത്തിൽ ഞാൻ കണ്ടതാണ് പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ബസിന് മുന്നിലേക്ക്  ചാടുന്നവരെ പിടിച്ച് മാറ്റി. ശേഷം നടന്നത് എന്റെ കൺമുന്നിലല്ല. താൻ നടത്തിയത് അതിക്രമത്തിനുള്ള പ്രോത്സാഹനമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  

നവകേരള സദസിന് കണ്ണൂരിൽ കുട്ടികളെ ഇറക്കിയ സംഭവം ശരിയായില്ല. സ്കൂൾ കുട്ടികളെ ഇറക്കുന്നത് ഗുണകരമല്ല. ഇത് ആവർത്തിക്കരുത്. ഞാൻ കണ്ട കുട്ടികൾ നിന്നത് തണലത്താണ്. കുട്ടികളെ പ്രത്യേക സമയത്ത് ഇറക്കി നിർത്തേണ്ടതില്ല. അത് ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.  

നവകേരള സദസിലേക്കുള്ള പ്രതിപക്ഷ എംഎൽഎമാരെ തടയുന്നത് അവകാശങ്ങളെ ഹനിക്കലാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ പ്രത്യേകത പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറക്കുന്നു. പ്രതിപക്ഷ നേതാവിന്റ രീതി തന്നെ മാറിപ്പോയി. എന്തൊക്കെയാണ് വിളിച്ചുപറയുന്നത്? എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങൾ പങ്കെടുക്കുന്നതിലെ അസഹിഷ്ന്നുതയാണ് കാണിക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്‍റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?  

എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്‍റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ്  സര്‍ക്കാര്‍ നല്‍കുന്നത്.   പിന്നെന്തിനാണ് ഈ ബഹിഷ്കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണം. മുഖ്യമന്ത്രി വിശദീകരിച്ചു.

Leave A Comment