കേരളം

മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന്

തൃശൂർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോം  ചുഴലിക്കാറ്റ്  ശക്തി പ്രാപിച്ചതോടെ ചെന്നൈ നഗരമാകെ പേമാരിയിൽ കനത്ത ദുരിതം അനുഭവിക്കുകയാണ്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നു. 

ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണ് ഈ ചുഴലിക്കാറ്റ്.  ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധികമാണ് ചെന്നൈയിൽ ഇത്തവണത്തെ മഴയെന്നാണ് റിപ്പോർട്ട്. സാധാരണയേക്കാൾ പത്തിരട്ടി അധികമാണ് ഇത്തവണ പെയ്ത മഴ. മരണസംഖ്യ അഞ്ചായി എന്നാണ് വാർത്ത. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ  ചേർത്തുനിർത്തേണ്ടതുണ്ട്.

തമിഴ്നാട്ടിൽ 5000 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകാൻ നടപടി എടുത്തിട്ടുണ്ട്. ആവശ്യമെങ്കിൽ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു.

നവകേരള സദസ്സ് തൃശൂർ ജില്ലയിലെ രണ്ടാം ദിവസമാണ്.  കിഴിഞ്ഞ ദിവസങ്ങളിൽ  പാലക്കാട്ട് നെൽകൃഷിയുമായി  ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും സംസാരിച്ചത്.   1990-കളിൽ  നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ തീവ്രതയോടെയാണ് ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നത്. അതിൻ്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാർഷിക മേഖലയ്ക്കാണ്. 90 കൾ തൊട്ടിതു വരെ രാജ്യത്ത്  ലക്ഷക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്തു എന്നത് ഈ പ്രതിസന്ധിയുടെ ആഴം എത്രമാത്രമെന്ന് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിര രാജ്യമാകെ പ്രക്ഷോഭങ്ങളാണ് നടന്നു വന്നത്. 

എന്നാൽ, ഒരു സംസ്ഥാനത്തിൻ്റെ പരിമിതികളെ  അതിജീവിച്ച്, കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. അതിൻ്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കർഷകക്ഷേമം ഉറപ്പു വരുത്താൻ നമുക്ക് സാധിക്കുന്നുണ്ട്. 

കാർഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ്  സർക്കാർ നടത്തിയത്. പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നല്ല  മുന്നേറ്റം ഉണ്ടാക്കാൻ   നമുക്കു സാധിച്ചു. 
ഉല്പാദനം, വിപണനം, സംസ്കരണം, വായ്പാ പിന്തുണ, ഇൻഷ്വറൻസ് തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളിലും കർഷകർക്ക് സഹായം വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ  പരമാവധി സേവനം ഏറ്റവും വേഗത്തിൽ  ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ ‘സ്മാര്ട്ട് കൃഷി ഭവനുകളായി’ പരിഷ്കരിക്കുകയാണ്. 

നെൽകൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2021 - 22 സാമ്പത്തിക വർഷത്തിൽ 83,333.33 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചു. 2022 - 23 വർഷത്തിൽ 93509.94 ഹെക്ടർ പാടശേഖരങ്ങൾക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം  രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 

നെൽവയലുകൾ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി  ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയൽറ്റി വർദ്ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31 കോടി രൂപ ചിലവഴിച്ചു.
 
മണ്ണിനെയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ട് സുരക്ഷിത ഭക്ഷ്യോത്പാദനത്തിനായി ശാസ്ത്രീയ ജൈവ കൃഷിയും ജൈവ ഉല്പാദനോപാധികളുടെ ലഭ്യത വർധിപ്പിക്കലും ഉദ്ദേശിച്ച് ആസൂത്രണം ചെയ്ത മിഷൻ മോഡിലുളള പദ്ധതിയാണ് ജൈവ കാർഷിക മിഷൻ. ഈ പദ്ധതി ഈ  സാമ്പത്തിക വർഷത്തിൽ 10,000 ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കും. 
 
30,000 കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷത്തോളം  തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. കേരളത്തിന്റെ കാർഷിക മേഖലയെ പുതിയ കാലത്തിനും സാധ്യതയ്ക്കും യോജിച്ച രീതിയിൽ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. 

കാർഷിക മേഖലയിൽ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുമ്പോൾ, നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു വിഷയം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പ്രചാരണം നടത്തുകയാണ് ചിലർ. 

2016 ല്‍ 1.7 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി നടന്നിരുന്നതെങ്കില്‍ ഇന്നത് രണ്ടര ലക്ഷം ഹെക്ടറിലേക്ക് വര്‍ദ്ധിച്ചിരിക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് നെല്ലിന്‍റെ ഉത്പാദന ക്ഷമത ഹെക്ടറിന് 2.54 ടണ്ണില്‍ നിന്ന് 4.56 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചു. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്‍വയല്‍ ഉടമകള്‍ക്ക് ഓരോ ഹെക്ടറിനും 3,000 രൂപാവീതം നൽകുന്ന റോയല്‍റ്റി  14,498 ഹെക്ടര്‍ വയലുകള്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍  ലഭ്യമാക്കിയത്. 

2022-23 സംഭരണ വർഷത്തിൽ  3,06,533 കർഷകരിൽ നിന്നായി 731183 മെടിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 2061.9 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. 1,75,610 നെല്‍കര്‍ഷകര്‍ക്കാണ് ഇത് പ്രയോജനപ്പെട്ടത്.  

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ പ്രത്യേകമായി സൂചിപ്പിക്കേണ്ടതുണ്ട്. നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താങ്ങുവില 20 രൂപ 40 പൈസ ആണ്. എന്നാല്‍ കേരളം 28 രൂപ 20 പൈസയ്ക്കാണ് നെല്ല് സംഭരിക്കുന്നത്. അധിക തുകയായ 7 രൂപ 80 പൈസ, കേരളം സ്വന്തം നിലയ്ക്കാണ് നല്‍കുന്നത്. 

കേന്ദ്രത്തില്‍ നിന്നുള്ള തുകയ്ക്ക് കാത്തുനില്‍ക്കാതെ തന്നെ കര്‍ഷകന്‍റെ അക്കൗണ്ടില്‍ മുഴുവന്‍ തുകയും ലഭ്യമാക്കുകയാണ് കേരളം ചെയ്യുന്നത്. അതിനായി ബാങ്കുകള്‍ വഴി പി ആര്‍ എസ്സിലൂടെ അഡ്വാന്‍സായി നല്‍കുന്ന തുകയുടെ പലിശ വഹിക്കുന്നത് സംസ്ഥാനമാണ്. 

നെല്ല് സംഭരണത്തിന്‍റെ കേന്ദ്രവിഹിതമായ 790 കോടി രൂപ ഇനിയും സംസ്ഥാനത്തിന്  ലഭിക്കാനുണ്ട്. ഇതിനുപുറമെ നെല്ല് അരിയാക്കുന്നതിന് ചിലവാകുന്ന തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്

കൃഷിയെ കൈയ്യൊഴിയുകയും നെല്‍പ്പാടങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കൈമാറുകയും ചെയ്തകാലം നമ്മുടെ നാട് കടന്നു പോന്നിരിക്കുന്നു.  അനുഭവത്തിൽ നിന്ന് അത് മനസ്സിലാക്കിയാണ് കർഷകർ ഈ സർക്കാരിന് അടിയുറച്ച പിന്തുണ നൽകുന്നത്. നവകേരള സദസ്സിൽ  കാർഷിക മേഖലകളിൽ ഉണ്ടാകുന്ന വമ്പിച്ച പങ്കാളിത്തം ആ പിന്തുണയുടെ തെളിവാണ്. 

തൃശൂർ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂർ മണ്ഡലങ്ങളിലാണ് ഇന്നലെ നവകേരള സദസ്സ് ചേർന്നത്. മണലൂർ, നാട്ടിക, ഒല്ലൂർ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ഇന്ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സമാപിക്കും.

ഇന്നലെ തൃശ്ശൂർ ജില്ലയിൽ ആകെ ലഭിച്ചത് 17323 നിവേദനങ്ങളാണ്. 

ചേലക്കര - 4525
വടക്കാഞ്ചേരി - 4102
കുന്ദംകുളം - 4228
ഗുരുവായൂർ -4468

Leave A Comment