കേരളം

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പ്രൊഫസർക്കെതിരെ കലാപാഹ്വാനത്തിന് കേസ്

കോഴിക്കോട്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പരാമർശം നടത്തിയ കോഴിക്കോട് എൻഐടി പ്രൊഫസർക്കെതിരെ കേസ്. എൻഐടി മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസ്. എസ്എഫ്ഐ കുന്നമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. നിയമ നടപടി ആവശ്യപ്പെട്ട് കെഎസ് യു, എംഎസ്എഫ് നേതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ ഫേസ്ബുക്കിലെ കമന്റ്. 

ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ പ്രതികരണം വന്നത്. എന്നാല്‍ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ ആണ്ടവന്‍ പ്രതികരിച്ചു. കമന്റ് ഡിലീറ്റ് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു.

Leave A Comment