കേരളം

ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, സിംഗപ്പൂരിലെ തെരഞ്ഞെടുപ്പിന് പോയതാകും; സതീശൻ

വടകര: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പരിഹാസം. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയൻ ഇടതുപക്ഷം മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പരിഹാസം തൊടുത്തുവിട്ടത്. ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്നാണ് സതീശൻ പരിഹസിച്ചത്.

സി പി എമ്മും ബി ജെ പിയും തമ്മിൽ അന്തർധാര അല്ല, ഇപ്പൊൾ ബിസിനസ് പങ്കാളികളായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വടകരയിൽ ഷാഫിക്കെതിരായ പ്രചരണങ്ങൾക്കെതിരായി യു ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്. അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന ചൊല്ല് പോലെ ആണ് സി പി എമ്മിന്‍റെ ഇപ്പോഴത്തെ അവസ്ഥ. തെരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടുള്ള ദുഷ് പ്രചാരണമാണ് ഷാഫിക്കെതിരെ നടക്കുന്നത്. വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും. സംസ്ഥാനത്ത് വലിയ രീതിയിൽ ഉള്ള പിന്തുണ ഷാഫിക്ക് വടകരയിൽ കിട്ടിയെന്നും സതീശൻ അഭിപ്രായപ്പെട്ടു.

Leave A Comment