കേരളം

സൂര്യനെല്ലി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, സിബി മാത്യൂസിനെതിരെ ഹൈക്കോടതി

കൊച്ചി: സൂര്യനെല്ലി കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിനെതിരായ പരാതിയില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴു ദിവസത്തിനകം നടപടിയെടുക്കാന്‍ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

നിര്‍ഭയം എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് സൂര്യനെല്ലി കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഇതില്‍ പെണ്‍കുട്ടിയുടെ പേരില്ലെങ്കിലും തിരിച്ചറിയാനാവുന്ന വിധത്തില്‍ വിവരങ്ങളുണ്ടെന്നാണ് പരാതി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ വിലാസം സഹിതം പുസ്തകത്തിലുണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പരാതിയില്‍ പറയുന്നു. സിബി മാത്യൂസിന് എതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി എന്നാണ് ആത്മകഥയില്‍ പരാമര്‍ശിച്ചിട്ടുളളത്. ഇത് ലൈംഗിക അതിക്രമത്തിന് ഇരയായ ആളെക്കുറിച്ചു തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരാളുടെ വിവരങ്ങള്‍ തിരിച്ചറിയാവുന്ന വിധം പരസ്യപ്പെടുത്തുന്നത് ഐപിസി 228 എ പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Leave A Comment