കുവൈത്ത് ദുരന്തം; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം: നോർക്ക
തിരുവനന്തപുരം: കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരാണെന്നും ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞുവെന്നും നോര്‍ക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. ഏറ്റവും പുതിയ വിവരം അനുസരിച്ച് 49 ഇന്ത്യക്കാര്‍ മരിച്ചതായാണ് വിവരമെന്നും ഇതില്‍ തിരിച്ചറിഞ്ഞ 46 പേരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അജിത്ത് കോളശേരി പറഞ്ഞു.മൂന്നു പേരെ തിരിച്ചറിയാനുണ്ട്. തിരിച്ചറിയാൻ ഉള്ളവരില്‍ രണ്ട് പേര്‍ മലയാളികളാണെന്നാണ് ഹെല്‍പ് ഡെസ്കില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. 23 മലയാളികളാണ് മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടു പേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്. 9പേര്‍ പരിക്കേറ്റ ഗുരുതരാവസ്ഥയിലാണ്.
40 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫ്ലൈറ്റ് സംബന്ധിച്ച വിവരം ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടിയിട്ടില്ല. കുവൈത്ത് എയർവെയ്സ് ചാറ്റേർഡ് ഫ്ലൈറ്റിൽ മൃതദേഹങ്ങള്‍ എത്തിക്കുമെന്നാണ് കിട്ടുന്ന വിവരം. ഏത് വിമാനത്താവളത്തിലായിരിക്കും വിമാനം എത്തുക എന്ന് വ്യക്തമായിട്ടില്ല. കേരളത്തിൽ എത്തിച്ചതിന് ശേഷം മൃതദേഹങ്ങൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഇന്ത്യൻ എയർഫോഴ്സ് വിമാനം ആണോ, കുവൈത്ത് എയർവെയ്സ് വിമാനം ആണോ എന്നത് സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. എംബസിയുമായി സംസാരിക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളിൽ കൃത്യമായ വിവരം കിട്ടിയേക്കും. അപകടവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയുമായി ബന്ധപ്പെട്ടിട്ടില്ല. നിലവിൽ ശ്രദ്ധ രക്ഷാദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകകേരള സഭയുടെ ശക്തിയാണ് കുവൈത്തിൽ ഇപ്പോൾ കാണുന്ന ഹെൽപ്പ് ഡെസ്കെന്നും ഒരു മണിക്കൂറിനുള്ളിൽ ഹെല്പ് ഡെസ്ക് സജ്ജമാക്കാനായെന്നും ഇത് പ്രവാസികളുടെ ശക്തിയാണെന്നും ലോക കേരള സഭയുടെ പ്രതിഫലനമാണ് ഇതെന്നും അജിത്ത് കോളശേരി പറഞ്ഞു.
Leave A Comment