കേരളം

ഞായറാഴ്ചകളില്‍ ഒരു സിനഡ് കുര്‍ബാന, തര്‍ക്കത്തില്‍ സമവായം

കൊച്ചി: സിറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിലനിന്ന കുര്‍ബാന തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം. സഭാ നേതൃത്വവും അല്‍മായ മുന്നേറ്റവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. പള്ളികളില്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന സിനഡ് നിര്‍ദേശിച്ച രീതിയില്‍ അര്‍പ്പിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ജനാഭിമുഖ കുര്‍ബാനയും തുടരുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി. 

ഏകീകൃത കുര്‍ബാനയില്‍ മാര്‍പാപ്പയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ മാസവും സിനഡ് ആഹ്വാനം ചെയ്തിരുന്നു. മാര്‍പാപ്പയുടെ നിര്‍ദേശം അനുസരിക്കണമെന്ന് സഭാംഗങ്ങളോട് മെത്രാന്‍മാരും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സഭയിലെ എല്ലാ ബിഷപ്പുമാരും ഇത് സംബന്ധിച്ച സര്‍ക്കുലറിലും ഒപ്പുവെച്ചിരുന്നു. ക്രിസ്മസ് ദിവസം മുതല്‍ തന്നെ സിനഡ് കുര്‍ബാന അര്‍പ്പിച്ച് തുടങ്ങണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ കത്തുകളിലൂടെ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തില്‍ വീഡിയോ സന്ദേശത്തിലൂടെയും മാര്‍പ്പാപ്പ ഇതേ ആവശ്യം മുന്നോട്ടു വെച്ചിരുന്നു.

എന്നാല്‍ മാര്‍പ്പാപ്പ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും വസ്തുതാപരമായ പിശകുണ്ടെന്നുമായിരുന്നു ഒരു വിഭാഗം പറഞ്ഞിരുന്നത്.


Leave A Comment