കേരളം

ചിക്കൻ ബിരിയാണിയും എത്തി, കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ കൂടുതൽ ജില്ലകളിലേക്ക്

തിരുവനന്തപുരം: സ്റ്റീൽപാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' കൂടുതൽ ജില്ലകളിലേക്ക്. മാർച്ചിൽ തിരുവനന്തപുരത്ത് തുടങ്ങിയ 'ലഞ്ച് ബെൽ' രണ്ടാംഘട്ടമായി തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണെത്തുന്നത്. സ്വന്തം ഓൺലൈൻ ആപ്പായ 'പോക്കറ്റ് മാർട്ട്' വഴി ഓർഡർ സ്വീകരിച്ച് തുടക്കത്തിൽ ഉച്ചയൂണുമാത്രം നൽകിയിരുന്ന സ്ഥാനത്ത് ഈയാഴ്ചമുതൽ ബിരിയാണിയും കൊടുത്തു തുടങ്ങി. 180 രൂപയ്ക്ക് തലശ്ശേരി ചിക്കൻബിരിയാണിയാണ് നൽകുന്നത്. ഡെലിവറി ചാർജായി പ്രത്യേക തുക വേണ്ട. എല്ലാ ദിവസവും ഊണ് എന്നതിന് പകരം മെനുവിൽ മാറ്റംവേണമെന്ന ഉപഭോക്താക്കളുടെ നിർദേശം ഉൾക്കൊണ്ട് കൂടുതൽ വിഭവങ്ങളെത്തിക്കാനും പദ്ധതിയുണ്ട്.

സാലഡും മുളപ്പിച്ച ധാന്യവും

നോർത്ത് ഇന്ത്യൻ ലഞ്ച്, പഴങ്ങൾ-പച്ചക്കറികൾ എന്നിവയുടെ സാലഡ്, ഡയറ്ററി ലഞ്ച്, നാരുകൾ കൂടുതൽ അടങ്ങിയ ഉച്ചഭക്ഷണം, കിഴിപ്പൊറോട്ട, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ എത്തിക്കാനും പദ്ധതിയുണ്ട്. ഇതിനായി കൂടുതൽപേർക്ക് പരിശീലനം നൽകും.

നിലവിൽ മുട്ട, മീൻ എന്നിവചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യാനുസരണം റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലാണ് ഉച്ചഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസംവരെ മുൻകൂട്ടി പണമടച്ച് എല്ലാ ഉച്ചനേരവും 'ലഞ്ച് ബെൽ' ബുക്കുചെയ്യുന്നവരുണ്ട്.

തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതിയുടെ സ്വീകാര്യത മുൻനിർത്തിയാണ് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. കുടുംബശ്രീ അംഗങ്ങളാണ് സ്റ്റീൽപാത്രങ്ങളിൽ ഭക്ഷണം നേരിട്ട് വിതരണം ചെയ്യുന്നത്. ശേഷം പാത്രങ്ങൾ മടക്കിവാങ്ങും.

പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ കേന്ദ്രീകൃത അടുക്കളയിൽ പാചകംചെയ്ത ഭക്ഷണമാണ് ഈവിധം നൽകുന്നത്. ഭക്ഷണവിതരണ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. ഹരിത മാനദണ്ഡം പാലിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും.

Leave A Comment