കേരളം

ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; തകർന്ന വീടുകളുൾപ്പെടെ നടന്ന് കണ്ടു; ഉരുൾപൊട്ടലിന്റെ നോവറിഞ്ഞ് സന്ദർശനം

കല്‍പ്പറ്റ: വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്തെത്തി.കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്. ദുരന്തമേഖലകളില്‍ വ്യോമനിരീക്ഷണം പൂര്‍ത്തിയാക്കി.ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ടായിരുന്നു. 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. എംഎൽഎയായ കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കലക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, എ.പി. അബ്ദുള്ളക്കുട്ടി, സി.കെ. പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.

കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ചൂരൽമലയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ഭൂമി സന്ദര്‍ശിക്കുകയാണിപ്പോള്‍. വെള്ളാര്‍മല സ്കൂള്‍ റോഡിലാണ് ആദ്യ സന്ദര്‍ശനം. ഉരുള്‍പൊട്ടലിൽ തകര്‍ന്ന വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂളും പ്രദേശത്ത് തകര്‍ന്ന വീടുകളും പ്രധാനമന്ത്രി വാഹനത്തിലിരുന്ന് ആദ്യം കണ്ടു. ഇതിനുശേഷം വെള്ളാര്‍മല സ്കൂളിലെത്തിയ മോദി സ്കൂളിലെ കുട്ടികളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

ചൂരല്‍മലയിലെത്തിയശേഷം വെള്ളാര്‍മല സ്കൂളിലേ കുട്ടികളുടെ പഠനത്തെക്കുറിച്ചും മറ്റു വിവരങ്ങളും മോദി ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് വിവരം തേടി. ഉരുള്‍പൊട്ടലിൽ തകര്‍ന്ന ചൂരൽമല സ്കൂള്‍ റോഡിലെ വിവിധ പ്രദേശങ്ങളും പ്രധാനമന്ത്രി നടന്നു സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്.

അര കിലോമീറ്ററോളം ദൂരത്തിലുള്ള സ്ഥലങ്ങളാണിപ്പോള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഇവിടെ നിന്ന് ചൂരൽമലയിലെ ബെയിലി പാലത്തിലൂടെ മറുകരയിലേക്ക് എത്തി . തുടര്‍ന്ന് മറുകരയിൽ വെച്ച് രക്ഷാദൗത്യത്തിൽ പങ്കാളികളായ സൈനികരുമായും കൂടിക്കാഴ്ച . സ്കൂള്‍ റോഡില്‍ വെച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും ദുരന്തത്തെക്കുറിച്ചും വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറിയും ദുരന്ത സ്ഥലത്ത് വെച്ച് പ്രധാനമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. ദുരന്ത മേഖലയിലെ സന്ദര്‍ശനത്തിനുശേഷം ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുള്ള മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ക്യാമ്പിലും സന്ദര്‍ശനം നടത്തും.

Leave A Comment