എഡിഎമ്മിൻ്റെ മരണം ;29-ന് വിധി പറയും
കൊച്ചി: എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയൽ മാറ്റി. ഈ മാസം 29-നാണ് കേസില്‍ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്.
ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ
ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. വ്യക്തിഹത്യയാണ് മരണകാരണം. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴിയുണ്ട്. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു.
രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗണ്‍സിലിൻ്റെ പരിപാടിയില്‍ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയില്‍ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട്. പരാതിയുണ്ടെങ്കില്‍ ദിവ്യക്ക് ഉത്തരവാദിത്തമുള്ളവർക്ക് പരാതി നല്‍കാമായിരുന്നു.
പരസ്യമായി വ്യക്തിഹത്യ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയില്‍ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കി. കേസില്‍ ദിവ്യയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യല്‍ അത്യാവശ്യമാണ്. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് ദിവ്യ. ഇവരൊക്കെ ഇങ്ങനെ ഉദ്യോഗസ്ഥരെ ക്രൂശിച്ചാല്‍ സമൂഹത്തിൻ്റെ അവസ്ഥ എന്താകും..? അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് വിജിലൻസും പോലീസും അടക്കം സംവിധാനങ്ങളെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെ വാദം
എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്നമെന്നും വാദിച്ച കുടുംബത്തിൻ്റെ അഭിഭാഷകൻ, പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താല്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രശാന്തിന്റെ പരാതികളില്‍ പേരുകളിലെയും ഒപ്പുകളിലെയും വ്യത്യാസം അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെ ദിവ്യ ഭീഷണിപ്പെടുത്തി.
എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദർശിക്കാൻ പറയാൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷക്ക് സാധിക്കില്ല. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ പരിധിയില്‍ വരുന്നതല്ല. ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. നിയമവിരുദ്ധമായി അനുമതി നല്‍കാത്തതാണ് എഡിഎമ്മിനോട് വൈരാഗ്യം വരാൻ കാരണം. ഉപഹാരം നല്‍കുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാൻ ഉദ്ദേശിച്ചാണ്.
എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തില്‍ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയില്‍ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയില്‍ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യത. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നില്‍ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീൻ ബാബുവിന്റെ അന്ത്യ കർമ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടതെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
Leave A Comment