കേരളം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്

തിരുവനന്തപുരം: മുണ്ടക്കൈ–ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കായി സംസ്ഥാന സർക്കാർ രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കും. കല്പറ്റ എല്‍സ്‌റ്റോണ്‍ എസ്‌റ്റേറ്റിലും ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്‌റ്റേറ്റിലുമാണ് രണ്ട് മോഡല്‍ ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത്.കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകള്‍ നിര്‍മിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൃഷിക്കും സൗകര്യമുണ്ടാകും. വീടിനൊപ്പം ജീവനോപാധികളും ഏര്‍പ്പെടുത്തും. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരമായിരിക്കും. എല്‍സ്റ്റോണില്‍ 58.5 ഹെക്ടര്‍റും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. ജനുവരി ഇരുപത്തിയ‍ഞ്ചിനകം ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കും

പുനരധിവാസമാതൃകയുടെ ദൃശ്യാവിഷ്‌കാരവും പ്രദര്‍ശിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുനരധിവാസ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് പുനരധിവാസത്തിന്റെ നിർമാണച്ചുമതല. കിഫ്‌കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം. കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിക്കുന്നത്. റോഡ്, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണമാകും നടത്തുക. ദേശീയപാതയ്ക്കു സമീപത്തായതിനാല്‍ വാണിജ്യനിര്‍മാണങ്ങളും ഉണ്ടാകും. നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിര്‍മാണമാകും നടത്തുക. ഇവിടെ പത്തു സെന്റില്‍ 1000 ചതുരശ്രഅടി വീടുകള്‍ ആണ് നിര്‍മിക്കുക. രണ്ടുനില കെട്ടുന്നതിനുള്ള അടിത്തറയാവും നിര്‍മിക്കുക.

ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ നൽകും

Leave A Comment