സനാതനധര്‍മം നമ്മുടെ സംസ്‌കാരമാണ്; അതിനെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സനാതനധര്‍മം നമ്മുടെ സംസ്‌കാരമാണ്, അതിനെ ഒരുവിഭാഗത്തിന് മുഖ്യമന്ത്രി ചാര്‍ത്തിക്കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സനാതനധര്‍മത്തെ മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്യുന്നു. എങ്ങനെയാണ് സനാതനധര്‍മം ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമാകുന്നതെന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മം. ശിവഗിരി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശന്‍.
പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് കേരളത്തില്‍. ഒരു വാക്ക് വീണു കിട്ടാന്‍ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാര്‍ത്തിക്കൊടുക്കുന്നു. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകള്‍ക്ക് അവകാശപ്പെട്ടതല്ല സനാതനധര്‍മ്മം. അത് രാജ്യത്തെ മുഴുവന്‍ ആളുകളുടെയും പാരമ്പര്യവും പൈതൃകവുമാണ്. കാവിവല്‍ക്കരണം എന്ന വാക്ക് തന്നെ തെറ്റാണ്. അമ്പലത്തില്‍ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും വിഡി സതീശന്‍ ചോദിച്ചു.സനാതനധര്‍മം മുഖ്യമന്ത്രി സംഘ്പരിവാറിന് ചാര്‍ത്തിക്കൊടുക്കയാണ്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് അത്. അദ്വൈതവും തത്വമസി എന്ന വാക്കും, വേദങ്ങളും ഉപനിഷത്തുകളും അതിന്റെ സാംരാംശങ്ങളും എല്ലാം ഉള്ളതാണ് സനാതനധര്‍മം. കാവി ഉടുക്കുന്നവര്‍ ആര്‍ എസ്എസ് എന്നുപറയുന്നതുപോലെയാണ് സനാതനധര്‍മത്തെ കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. അദ്ദേഹം പറഞ്ഞത് തെറ്റാണ്. സനാതനധര്‍മത്തില്‍ ഒരു വര്‍ഗീയതയുമില്ലെന്ന് സതീശൻ പറഞ്ഞു
വയനാട് പദ്ധതിയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവം കാണിക്കണം. പുനരധിവാസത്തിനു നിശ്ചിത സമയ പരിധി വേണം. മൈക്രോ ലെവല്‍ ഫാമിലി പാക്കേജ് ആണ് വേണ്ടത്. വീട് വെച്ച് കൊടുത്തത് കൊണ്ടു മാത്രം ആയില്ല. ദുരിത ബാധിതരുടെ കൃത്യമായ കണക്ക് പോലും സര്‍ക്കാരിന്റെ കൈയില്‍ ഇല്ലെന്നും സതീശന്‍ പറഞ്ഞു.
Leave A Comment