കേരളം

രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം പ്രതിഷേധം

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദര്‍ശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക വീട്ടില്‍ നിന്നും മടങ്ങിയത്. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രിയങ്കയെ അനുഗമിച്ചിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. വയനാട്ടിലെത്തിയ പ്രിയങ്കാഗാന്ധിയെ സിപിഐഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എംപി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം.  കലക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്ക പ്രസം​ഗിക്കും. സന്ദർശനം പൂർത്തിയാക്കി ഇന്നു തന്നെ പ്രിയങ്കാ​ഗാന്ധി ഡൽഹിക്ക് മടങ്ങും.


Leave A Comment