കേരളം

ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും: KSEB

തിരുവനന്തപുരം: ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയില്‍ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്. എന്നാല്‍ കെ എസ്‌ ഇ ബി സ്വമേധയ പിടിച്ചിരുന്ന യൂണിറ്റിന് 10 പൈസ സര്‍ ചാര്‍ജ് ഫെബ്രുവരിയിലും പിടിക്കും.

ഈ സര്‍ചാര്‍ജിന് പുറമെ ഇന്ധന സർചാർജ് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെ 9 പൈസ സര്‍ ചാര്‍ജായി വാങ്ങാനും വ്യവസ്ഥയുണ്ടായിരുന്നു. 

നിലവില്‍ 2024 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ സ്വമേധയ പിരിക്കുന്ന 10 പൈസ നിരക്കില്‍ വന്ന ഇന്ധന സർ ചാർജിന് പുറമെ പിരിക്കുന്ന ഇന്ധന സർചാർജ് ആണ് 9 പൈസ നിരക്കില്‍ കമ്മീഷന്റെ അംഗീകാരത്തോടെ തുടർന്നു പോയിരുന്നത്. 

എന്നാല്‍, ഫെബ്രുവരി മുതല്‍ കെ എസ് ഇ ബി സ്വമേധയാ പിരിക്കുന്ന 10 പൈസ ഇന്ധന സർ ചാർജ് മാത്രമേ നിലവിലുണ്ടാവുകയുള്ളു എന്ന് കെ എസ്‌ ഇ ബി വ്യക്തമാക്കുന്നു. 2024 ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ 2024 വരെയുള്ള മാസങ്ങളുടെ ഇന്ധന സർചാർജ് കുറഞ്ഞതാണ് ഇതിന് കാരണമായി കെ എസ്‌ ഇ ബി വിശദീകരിക്കുന്നത്. അതിനാല്‍ ഫെബ്രുവരി 2025 -ല്‍ 19 പൈസയില്‍ നിന്ന് 10 പൈസയായി ഇന്ധന സർചാർജ് കുറയും. ഫലത്തില്‍ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.

അതേസമയം, യൂണിറ്റിന് 10 പൈസ വെച്ച്‌ സര്‍ചാര്‍ജ് പിരിക്കുമെന്ന് കെ എസ്‌ ഇ ബി അറിയിച്ചു. 2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയില്‍ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെ എസ്‌ ഇ ബി അറിയിച്ചു. പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെ എസ്‌ ഇ ബിയുടെ തീരുമാനം. 

ഇന്ധനവില കൂടുന്നതുമൂലം താപവൈദ്യുതി വാങ്ങുന്നതിനുള്ള ചെലവില്‍ താത്കാലികമായുണ്ടാവുന്ന വര്‍ധനയാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്.

Leave A Comment