കേരളം

ഒക്ടോ.20നകം വിശദീകരണം നല്‍കണം; എല്‍ദോസ് കുന്നപ്പിള്ളിക്ക് കെപിസിസിയുടെ അന്ത്യശാസനം

തിരുവനന്തപുരം: പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് കെപിസിസിയുടെ അന്ത്യശാസനം. കെപിസിസി നല്‍കിയ നോട്ടീസില്‍ ഈ മാസം 20 നകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.പൊതുപ്രവര്‍ത്തകന്റെ പേരില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉണ്ടായിട്ടുള്ളത്. 

ആരോപണങ്ങളില്‍ സത്യസന്ധമായ വിശദീകരണം വേണം. അല്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്നും കെപിസിസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുവതി എല്‍ദോസിനെതിരെ പരാതി നല്‍കുകയും, പൊലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെ കെപിസിസി എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.

പൊലീസ് കേസെടുത്തതിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്. എംഎല്‍എയുടെ പൊതു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.പരാതി ശരിയെങ്കില്‍ എംഎല്‍എ കുറ്റക്കാരനാണ്. പാര്‍ട്ടി നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Leave A Comment