കേരളം

ഇന്ധന പ്രതിസന്ധിയിൽ ഇന്നും വല‌ഞ്ഞ് യാത്രക്കാര്‍; മൂന്നാം ദിനവും സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: തുട‍ർച്ചയായി മൂന്നാം ദിനവും സംസ്ഥാനത്ത് സ‍ർവീസുകൾ വെട്ടിക്കുറച്ച് കെ എസ് ആ‍ർ ടി സി. പതിവായി നടത്തിയിരുന്ന 50 ശതമാനം ഓർഡിനറി ബസുകളും 25 ശതമാനം ദീർഘദൂര ബസുകളും ഇന്ന് നിരത്തിലിറങ്ങിയില്ല. സ്വകാര്യ പമ്പുകളിൽ നിന്ന് ഡീസൽ അടിച്ചാണ് ഇന്ധന പ്രതിസന്ധി കെ എസ് ആർ ടി സി ഇപ്പോൾ പരിഹരിക്കാൻ ശ്രമിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കോർപറേഷൻ ജൂലൈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ സർക്കാരിനോട് 123 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്.

 ഞായറാഴ്ച പൊതു അവധി ദിവസമായത് കൊണ്ടും ഷെഡ്യൂളുകൾ വെട്ടിക്കുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതും യാത്രക്കാരുടെ എണ്ണം കുറച്ചു. സംസ്ഥാനത്തെമ്പാടും നഗരങ്ങളിലടക്കം ഇന്ന് പൊതുവെ യാത്രക്കാ‍ർ കുറവായിരുന്നു. വാരാദ്യ തിരക്ക് കണക്കിലെടുത്ത് നാളെ രാവിലെ കൂടുതൽ സർവീസുകൾ നടത്തുമെന്ന് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ കെ എസ് ആർ ടി സിക്ക് 20 കോടി രൂപ നൽകിയിരുന്നെങ്കിലും ഈ പണം കൈയ്യിൽ കിട്ടാൻ തന്നെ വരുന്ന ബുധനാഴ്ചയാകും. അത് കിട്ടിയാലേ പ്രശ്ന പരിഹാരം താത്കാലികമായെങ്കിലും സാധ്യമാകൂ. ഓണം അടുത്ത സാഹചര്യത്തിൽ ജൂലൈ മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുകയെന്ന വലിയ വെല്ലുവിളിയും മാനേജ്മെന്റിന് മുന്നിൽ ഉണ്ട്. ഇതിനാലാണ് സംസ്ഥാന സ‍ർക്കാരിനോട് 123 കോടി രൂപ കൂടി ആവശ്യപ്പെട്ട് കെഎസ്ആ‍ർടിസി മാനേജ്മെന്റ് കത്ത് നൽകിയത്.

Leave A Comment