നിയമന വിവാദം: ഹൈക്കോടതി വിധി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എം.വി. ജയരാജൻ
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ പ്രിയ വര്‍ഗീസിന്റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഹൈക്കോടതി വിധി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപകർ ജോലിയുടെ ഭാഗമായി ഡെപ്യൂട്ടേഷനിൽ പോകാറുണ്ട്. അത് അക്കാദമിക്ക് ഡെപ്യൂട്ടേഷനും നോൺ അക്കാദമിക്ക് ഡെപ്യൂട്ടേഷനും ഉണ്ട്. അക്കാദമിക്ക് ഡെപ്യൂട്ടേഷൻ അധ്യാപന കാലമായി പരിഗണിച്ചില്ലെങ്കിൽ ഒരു പാട് അധ്യാപകർക്ക് തിരിച്ചടിയാകുമെന്നും ജയരാജൻ പറഞ്ഞു.
അക്കാദമിക് ഡെപ്യൂട്ടേഷന്റെ ഭാഗമായാണ് പിഎച്ച്ഡി എടുക്കുന്നത്. ആ കാലം സർവീസ് ആയി പരിഗണിക്കില്ലെന്ന് പറയുന്നത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വിധി സ്ത്രീ സമൂഹത്തിന് വെല്ലുവിളിയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അതേസമയം കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോ. പ്രഫസർ തസ്തിക റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധി അംഗീകരിക്കുന്നതായി പ്രിയ വര്‍ഗീസ്. വിധി പുറത്തുവന്നതിനു ശേഷമായിരുന്നു പ്രിയയുടെ പ്രതികരണം. വിധി അംഗീകരിക്കുന്നു. ഇനിയുള്ള കാര്യങ്ങൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും- പ്രിയ വർഗീസ് പറഞ്ഞു.
മതിയായ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന്റെ നിയമനമെന്നു ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ചങ്ങനാശേരി എസ്ബി കോളജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലായിരുന്നു വിധി.
Leave A Comment