കേരളം

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ല; സുപ്രിംകോടതി

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളെ തടയാനാകില്ലെന്ന് സുപ്രിംകോടതി. വിഷയത്തിന്റെ മറുവശം കൂടി കേള്‍ക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പൊതുഫണ്ടില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ മറുപടി.

കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനമായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ അത് പരാജയപ്പെടുത്തുന്നു എന്നായിരുന്നു കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സൗജന്യ പദ്ധതികള്‍ ക്ഷേമ പദ്ധതികളാണെന്ന നിലപാടില്‍ എ എ പി, കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ കോടതിയില്‍ ഉറച്ച് നിന്നു. ഇക്കാര്യത്തില്‍ പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്ക എന്നായിരുന്നു സുപ്രിം കോടതിയുടെ നിലപാട്. ഇതിന് എന്താണ് സൗജന്യമെന്ന് നിര്‍വചിക്കേണ്ടതുണ്ടെന്നായിരുന്ന് കോടതി പറഞ്ഞു. വിശദമായ ചര്‍ച്ചയും സംവാദവും നടക്കണം.

 സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രാണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന് കോടതി ചോദിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയടക്കമുള്ളവ അന്തസായി ജീവിക്കാന്‍ സഹായിച്ച പ്രഖ്യാപനങ്ങളാണ്. അതിനാല്‍ ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കണമെന്നും കോടതി വ്യക്തമാക്കി. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസിലെ എതിര്‍കക്ഷികളോട് രേഖാമൂലം നിലപാട് വ്യക്തമാക്കാന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടു.

Leave A Comment