കേരളം

ഗുരുവായൂരിൽ ഞായറാഴ്ച ഇരുനൂറിലധികം വിവാഹങ്ങൾ : സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 200-ലധികം വിവാഹങ്ങൾ ബുക്ക്‌ ചെയ്തിരിക്കുന്ന ഓഗസ്റ്റ് 21-ന് സൗകര്യങ്ങൾ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം. ചിങ്ങമാസത്തിൽ ഏറ്റവുമധികം മുഹൂർത്തങ്ങളുള്ള ദിവസമായതിനാലാണ് ഇത്രയധികം ബുക്കിങ്. ഇതു സംബന്ധിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസ് തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത് കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

ബുക്കിങ് 200 ആയതോടെ കല്യാണ മണ്ഡപങ്ങളുടെ എണ്ണം മൂന്നിൽനിന്ന് താത്‌കാലികമായി അഞ്ചാക്കാൻ തീരുമാനിച്ചു. ഇതിനു പിന്നാലെ ഓൺലൈൻ ബുക്കിങ് പുനരാരംഭിച്ചതായും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി വിശദീകരിച്ചു. തിരക്ക് കണക്കിലെടുത്ത് വിവാഹ രജിസ്‌ട്രേഷനായി അധിക ജീവനക്കാരെ അന്ന് നിയോഗിക്കുമെന്ന് ഗുരുവായൂർ നഗരസഭയും അറിയിച്ചു. ഇത് രേഖപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.

Leave A Comment