ഗുരുവായൂരിൽ ആനകള്‍ക്കായി കടുത്ത മത്സരം, നന്ദന് ഏക്കം 2.22 ലക്ഷം
ഗുരുവായൂര്‍: പൂരം എഴുന്നള്ളിപ്പുകള്‍ക്ക് ഗുരുവായൂരിലെ ആനകളെ കിട്ടാന്‍ കമ്മിറ്റിക്കാരുടെ മത്സരം. കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നും ടെന്‍ഡറിലൂടെയും പരസ്യലേലത്തിലൂടെയുമാണ് ഗുരുവായൂരിലെ ഗജവീരന്മാരെ കൊണ്ടുപോകാനുള്ള മത്സരം മുറുകിയത്. ചൊവ്വാഴ്ച നന്ദനെ 2,22,223 രൂപ ഏക്കത്തിന് ടെന്‍ഡര്‍ വെച്ചാണ് ഏല്പിച്ചത്.
പഴഞ്ഞി ചിറവരമ്പത്തുകാവ് പൂരത്തിന് ഭഗവതി പൂരക്കമ്മിറ്റിക്കാരാണ് ഇത്രയും തുക നല്‍കി ആനയെ കൊണ്ടുപോകുന്നത്. എറണാകുളത്തുനിന്ന് വന്ന പൂരക്കമ്മിറ്റിക്കാര്‍ രണ്ടുലക്ഷംവരെ നന്ദനുവേണ്ടി ടെന്‍ഡര്‍ നല്‍കിയിരുന്നു. രണ്ടിടത്തും പൂരം ഫെബ്രുവരി ഇരുപത്താറിനാണ്.
തിങ്കളാഴ്ച നന്ദനെത്തന്നെ 2.10 ലക്ഷം ഏക്കത്തിന് പാലിയേക്കര ചേന്നംകുളങ്ങര ഭഗവതീക്ഷേത്രക്കമ്മിറ്റിക്കാര്‍ ലേലത്തിലൂടെ ഏല്പിച്ചിരുന്നു. അതേദിവസംതന്നെ കൊമ്പന്‍ ഇന്ദ്രസെന്‍ 2,72,727 രൂപയുടെ ഏക്കവുമായി റെക്കോഡിട്ടിരുന്നു. കുംഭഭരണിദിവസമായ ഫെബ്രുവരി 25-നുമാത്രം ഗുരുവായൂരിലെ ആനകള്‍ക്കുള്ള ഏക്കത്തുകയായി ലഭിച്ചത് 11 ലക്ഷത്തോളം രൂപയാണ്.
Leave A Comment