റിസോർട്ട് വിവാദം: ഇ.പിക്കെതിരേ അന്വേഷണില്ല; വിവാദം മാധ്യമസൃഷ്ടിയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെതിരായ റിസോർട്ട് വിവാദത്തിൽ പാർട്ടി അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനമെന്നും ഗോവിന്ദൻ അറിയിച്ചു.
വിവാദത്തിൽ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പരിശോധിച്ച് തീരുമാനം എടുത്തതാണ്. ഇനി പ്രത്യേക അന്വേഷണത്തിന്‍റെ ആവശ്യമില്ല. റിസോർട്ട് വിവാദവും വിശദീകരണവും ദേശീയ നേതൃത്വത്തെ അറിയിക്കും, വിവാദത്തിൽ തുടർ തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുമെന്നും ഗോവിന്ദൻ അറിയിച്ചു.
ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം സംസ്ഥാന സർക്കാർ തിരുത്തേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. 3.9 ശതമാനമെന്ന അർഹമായ പദ്ധതി വിഹിതം കേന്ദ്രം 1.9 ആക്കി കുറച്ചു. കേരളത്തെ ഒരിഞ്ചു മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്.
ഇന്ധന സെസ് പിൻവലിക്കണമെന്നത് രാഷ്ട്രീയ താൽപ്പര്യം മാത്രമാണ്. യുഡിഎഫിന്‍റെയും ബിജെപിയുടെയും സമരം കണക്കിലെടുക്കുന്നില്ല. ചിന്താ ജെറോമിനെതിരായ വിമർശനങ്ങളിൽ, സ്ത്രീ എന്ന രീതിയിലുളള ആക്രമണത്തെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leave A Comment