ലൈഫ് മിഷന്: മുഖ്യമന്ത്രി മറുപടി പറയണം;ചെന്നിത്തല
ന്യൂഡല്‍ഹി: ലൈഫ് മിഷന്‍കോഴ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചവര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായതോടെ സത്യം പുറത്തുവന്നെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷന്റെ ചെയര്മാന് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ലൈഫ് മിഷന് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ നടന്നത്. ഇത് വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേയ്ക്കാണ്. അദ്ദേഹം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷം നേരത്തെ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ലൈഫ് മിഷനെ ഇല്ലാതാക്കാനുള്ള ആരോപണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായി കേസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്ത് വരുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ശിവശങ്കറുടെ അറസ്റ്റെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.
താന്‍ പ്രതിപക്ഷനേതാവായിരുന്ന സമയത്ത് ഉയര്‍ത്തിയ ഓരോ കാര്യങ്ങളും സത്യമാണെന്ന് തെളിയുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടുകൊണ്ടാണ് സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന് കേസിലുമെല്ലാം അന്വേഷണം ഇഴഞ്ഞ് നീങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു.
കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷമായി അന്വേഷണം നടത്തിയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാകുമെന്നും ചെന്നിത്തല പറഞ്ഞു
Leave A Comment