റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ പേരും: നെഞ്ചിടിപ്പ് കൂട്ടി ഇ.ഡി
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പുകേസിൽ ശിവശങ്കറിനെ അറസ്റ്റുചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും സർക്കാരിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. സർവീസിൽനിന്ന് വിരമിച്ചതിനാൽ ശിവശങ്കറിന്റെ ‘ബാധ്യത’ ഇപ്പോൾ സർക്കാർ ഏറ്റെടുക്കുന്നില്ലെങ്കിലും ഇ.ഡി. ലക്ഷ്യമിടുന്നത് എന്താകുമെന്ന ആശങ്ക സർക്കാരിനും സി.പി.എമ്മിനുമുണ്ട്.
സ്വർണക്കടത്തുകേസിൽ തുടങ്ങി വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിലെത്തിയ അന്വേഷണപരമ്പരയാണ് കേന്ദ്ര ഏജൻസികൾ മൂന്നുവർഷമായി നടത്തുന്നത്. കേന്ദ്രത്തിന്റെ രാഷ്ട്രീയലക്ഷ്യമാണ് അന്വേഷണ ഏജൻസികളിലൂടെ നടപ്പാക്കുന്നതെന്ന പ്രചാരണം ജനങ്ങളിലേക്കെത്തിച്ച് എൽ.ഡി.എഫും സർക്കാരും ഇതിനെ നേരിട്ടു. എന്നാൽ, ശിവശങ്കറിനും സർക്കാരിനുമെതിരായി സ്വപ്നാ സുരേഷ് വഴങ്ങാതെ പൊരുതിയതിന്റെ അലയൊലികളാണ് ഈ അറസ്റ്റിലെത്തിനിൽക്കുന്നത്.
അടുത്ത ലക്ഷ്യം ആരാണെന്ന് സ്വപ്നതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുംനേരെയാണ് ആരോപണങ്ങൾ. ഈ രണ്ടാംഭാഗമാണ് സർക്കാരും സി.പി.എമ്മും ഇടതുമുന്നണിയും ഗൗരവത്തോടെ കാണുന്നത്. സ്വപ്ന ചൂണ്ടിക്കാട്ടിയ വഴിയിലേക്ക് ഇ.ഡി.യോ മറ്റേതെങ്കിലും അന്വേഷണ ഏജൻസികളോ ഇറങ്ങിയാൽ ഇപ്പോഴത്തെ മൗനം തുടരാനാവില്ല. എന്നാൽ, മുൻകൂട്ടിയിറങ്ങി പ്രതിപക്ഷത്തിന്റെ ചൂണ്ടയിൽ കുരുങ്ങാതിരിക്കാനുള്ള കരുതലിലാണ് ഇപ്പോൾ ഇടതുപക്ഷം.
Leave A Comment