'മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട അവസ്ഥ: കെ. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയുണ്ടെങ്കിൽ ജനങ്ങൾ പുറത്തിറങ്ങേണ്ടെന്ന സന്ദേശമാണ് ഇപ്പോൾ ഉള്ളതെന്ന് കെ. മുരളീധരന്‍ എംപി. മുഖ്യമന്ത്രി ഇറങ്ങുന്നുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തെന്നും മുരളീധരൻ പരിഹസിച്ചു.
ലൈഫ് മിഷൻ കോഴക്കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണം. എങ്കിലേ സത്യം പുറത്ത് വരൂ. അല്ലെങ്കിൽ ഇഡിയുടെ അന്വേഷണം രണ്ടാം അധ്യായമായി അവസാനിക്കും. മുഖ്യമന്ത്രി രാജിവെയ്ക്കുന്നതാണ് മാന്യത, ഇല്ലെങ്കിൽ നാണംകെട്ട് പുറത്ത് പോകേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു.
സിപിഎമ്മിനെതിരായ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ കോൺഗ്രസ് പരാതി ശരിവയ്ക്കുന്നതാണ്. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം തന്നെ വേണം. ഇക്കാര്യത്തിൽ കോൺഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Leave A Comment