അംഗീകാരം ഇല്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഐ: കാനം
തിരുവനന്തപുരം: പാര്‍ലമെന്റിലെയും നിയമസഭയിലെയും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയുടെ അംഗീകാരത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ദേശീയപാര്‍ട്ടി പദവി നഷ്ടമായതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഐ. നിലവില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനമൊ സംഘടനാ പ്രവര്‍ത്തനമൊ നടത്തുന്നതിൽ ഒരു തടസവുമില്ല. ഏതെങ്കിലും ഒരു മാനദണ്ഡപ്രകാരം പദവി നിര്‍ണയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട പട്ടികപ്രകാരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ), ഓള് ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്(എഐടിഎംസി), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി) എന്നീ കക്ഷികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരുന്നു.
നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാനകക്ഷിയായി അംഗീകാരം നേടുക, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏതെങ്കിലും നാല് സംസ്ഥാനങ്ങളില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ ആറ് ശതമാനമെങ്കിലും കരസ്ഥമാക്കുക, മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും രണ്ട് ശതമാനം ലോക്സഭാ സീറ്റുകള്‍ സ്വന്തമാക്കുക അല്ലെങ്കില്‍ ആകെ മൊത്തം നാല് എംപിമാര്‍ പാര്‍ട്ടി ടിക്കറ്റില്‍ വിജയിക്കുക എന്നിവയാണ് ഒരു കക്ഷിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കാനുള്ള മാനദണ്ഡങ്ങള്‍.
Leave A Comment