കേരളം

മഴ: ട്രെയിനുകൾ വൈകിയോടുന്നു,എറണാകുളം പാസഞ്ചര്‍ റദ്ദാക്കി

കൊച്ചി: എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനായില്ല.കായംകുളത്തുനിന്ന് രാവിലെ 8.50 ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ റദ്ദാക്കി. ഏറനാട്, രപ്തിസാഗര്‍, ബിലാലസ്‌പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും.

നാഗര്‍കോവില്‍ നിന്നും ഇന്ന് രണ്ട് മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് ഒരു മണിക്കൂര്‍ വൈകിയായിരിക്കും പുറപ്പെടുക. ഇന്ന് രാവിലെ 6.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ആറ് മണിക്കൂര്‍ 10 മിനിറ്റ് വൈകും.

രാവിലെ എട്ടരയ്ക്ക് എറണാകുളത്തുനിന്ന് ബിലാസ്‌പുരിലേക്ക് പോകേണ്ട സൂപ്പര്‍ഫാസ്റ്റ് 11.15നായിരിക്കും പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് ഇന്നലെ കനത്ത മഴയായിരുന്നു. എം.ജി റോഡ് അടക്കമുള്ള പ്രധാന റോഡുകളും വെള്ളക്കെട്ടില്‍ മുങ്ങി. മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.നിരവധി വീടുകളില്‍ വെള്ളം കയറി.

അതേ സമയം ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് നാളെ മുതല്‍ റിസര്‍വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ നല്‍കാന്‍ റെയില്‍വേ നടപടി.രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റുകള്‍ ലഭിക്കും. രാത്രി ഒന്‍പതിനു അവസാനിക്കുന്ന യാത്രകള്‍ക്കാകും ടിക്കറ്റ് നല്‍കുക.

കോവിഡിനെ തുടര്‍ന്നാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളുടെ വിതരണം നിര്‍ത്തിയത്. മുന്‍കൂര്‍ റിസര്‍വേഷനില്ലാത്ത സ്ലീപ്പര്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് യാത്രികരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരി​ഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.

Leave A Comment