ദാ, ബോട്ടുകളിൽ പരിശോധന തുടങ്ങി
ഫോർട്ട്‌കൊച്ചി : ദുരന്തംവന്നു വിളിച്ചപ്പോൾ അധികൃതർ പതിവുപോലെ ഉറക്കത്തിൽനിന്നുണർന്നു. താനൂർ ബോട്ടുദുരന്തം നടന്നതിന് പിറ്റേന്ന് തന്നെ ഫോർട്ട്‌കൊച്ചിയിൽ കോസ്റ്റൽ പോലീസ് ബോട്ടുകളിൽ പരിശോധന നടത്തി.
കുറച്ചുകാലമായി ടൂറിസ്റ്റ് ബോട്ടുകളിൽ ഒരു പരിശോധനയും നടക്കുന്നില്ലെന്ന് ബോട്ടുകളിലെ ജീവനക്കാർതന്നെ പറയുന്നു. കൊച്ചിയിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകളിൽ പലപ്പോഴും ആവശ്യമായത്ര ജീവനക്കാർപോലും ഉണ്ടാകില്ല. ലൈസൻസ് ഇല്ലാത്തവർപോലും ബോട്ടുകൾ ഓടിക്കുന്നുണ്ട്. ബോട്ടുകളിൽ ഒരു സ്രാങ്കും ഡ്രൈവറും ലസ്കർമാരുമുണ്ടാകണം. എന്നാൽ, എല്ലാ ബോട്ടുകളിലും ഇത്രയും ജീവനക്കാരുണ്ടാകില്ല. സ്രാങ്ക് മാത്രമായി ഓടിച്ചുപോകുന്ന ബോട്ടുകളുമുണ്ട്.
മുൻപ് കോസ്റ്റൽ പോലീസിന്റെ പരിശോധനകളുണ്ടായിരുന്നു. അതുകൊണ്ട് ബോട്ടുകളിൽ മതിയായ ലൈസൻസ് ഉള്ളവരെയാണ് ബോട്ടുടമകൾ നിയമിച്ചിരുന്നത്. പരിശോധനകൾ നിലച്ചതോടെ ഇക്കാര്യത്തിൽ ബോട്ടുടമകളും കാര്യമായി ശ്രദ്ധിക്കാതെയായി. ബോട്ടുകളിൽ സഞ്ചരിക്കുന്ന സഞ്ചാരികൾ പലരും ലൈഫ് ജാക്കറ്റുകൾ ധരിക്കാറില്ല. പ്രത്യേകിച്ച് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ. യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ആവശ്യമുള്ള സമയത്തുമാത്രം ജാക്കറ്റ് ധരിച്ചാൽമതിയെന്ന ഒരു പുതിയ രീതിയാണ് ഇപ്പോൾ പലരും നടപ്പിലാക്കുന്നത്. ഇത് നിയമാനുസൃതമല്ല.
തിങ്കളാഴ്ച കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ ബോട്ടുകളിലെത്തി യാത്രക്കാർക്ക് ജാക്കറ്റുകൾ ധരിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ടൂറിസ്റ്റ് ബോട്ടുകൾ എത്തുന്ന മേഖലയാണ് ഫോർട്ട്‌കൊച്ചി. സർട്ടിഫിക്കറ്റ് പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ കൃത്യമായി നടന്നില്ലെങ്കിൽ വലിയ ദുരന്തത്തിന് അത് വഴിവെക്കും.
Leave A Comment